ന്യൂഡൽഹി: ഒരു ദിവസം കൊണ്ട് 1118 മെട്രിക് ടൺ ലിക്വിഡ് (എൽ.എം.ഒ) മെഡിക്കൽ ഓക്സിജൻ രാജ്യത്തുടനീളം വിതരണം ചെയ്ത് ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ.
ഓക്സിജൻ എക്‌പ്രസുകള്‍ പ്രതിദിനം ശരാശരി 800 മെട്രിക് ടൺ എൽ.എം.ഒ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈയൊരു നേട്ടം കൈവരിക്കുന്നത്.
ALSO READ:
ഇതുവരെ 814 ടാങ്കറുകളിലായി 13819 മെട്രിക് ടൺ ഓക്സിജൻ 208 ഓക്സിജൻ എക്‌പ്രസുകള്‍ വഴി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം, 1018 മെട്രിക് ടണ്ണിൽ കൂടുതൽ എൽ.എം.ഒയുമായി 13 ടാങ്കര്‍ വീതം ഓക്സിജൻ എക്‌പ്രസുകള്‍ നിലവിൽ ലക്ഷ്യസ്ഥാനത്തിലേക്കുള്ള യാത്രയിലാണെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര 614 മെട്രിക് ടൺ ഓക്സിജൻ, യു.പി 3338 മെട്രിക് ടൺ, മധ്യപ്രദേശ് 521 മെട്രിക് ടൺ, ഡല്‍ഹി 4110 മെട്രിക് ടൺ, ഹരിയാന 1619 മെട്രിക് ടൺ, രാജസ്ഥാന്‍ 98 മെട്രിക് ടൺ, കർണാടക 714 മെട്രിക് ടൺ, ഉത്തരാഖണ്ഡ് 320 മെട്രിക് ടൺ, തമിഴ്‌നാട് 649 മെട്രിക് ടൺ, ആന്ധ്ര 292 മെട്രിക് ടൺ, പഞ്ചാബ് 153 മെട്രിക് ടൺ, കേരളം 118 മെട്രിക് ടൺ, തെലങ്കാന 772 മെട്രിക് ടൺ എന്നിങ്ങനെയാണ് ഓക്സിജന്‍ എക്‌പ്രസുകള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചത്.
സംസ്ഥാനങ്ങൾക്ക് ഓക്സിജൻ എത്തിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പടിഞ്ഞാറൻ മേഖലയിലെ ഹപ്പ, ബറോഡ, മുന്ദ്ര എന്നിവിടങ്ങളിലെ ഓക്‌സിജൻ പ്ലാന്‍റുകളിൽ നിന്നും കിഴക്കൻ റൂർക്കേല, ദുർഗാപൂർ, ടാറ്റാനഗർ, അങ്കുൾ എന്നിവിടങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്.
ശരാശരി 55 കിലോമീറ്റർ വേഗതയിലധികമാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. ഉയർന്ന മുൻഗണനയുള്ള ഹരിത ഇടനാഴികളിലാണ് റെയിൽവേ ഈ ട്രെയിനുകൾ ഓടിക്കുന്നത്. മറ്റ് ട്രെയിനുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താതെയാണ് ദൗത്യം നിര്‍വഹിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.