ന്യൂഡല്‍ഹി: രാജ്യത്തെ നാല്‍പ്പതിലേറെ ചുമ മരുന്ന് നിര്‍മ്മണ കമ്പനികള്‍ ഗുണമേന്‍മ പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. (More than 40 cough syrup manufacturers fail quality test) ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഒരു ചുമ മരുന്ന് കഴിച്ച് 141 കുട്ടികള്‍ ആഗോളതലത്തില്‍ മരിച്ചെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തിയത്.
1105 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 59 എണ്ണത്തിനും നിലവാരമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെയും പട്ടിക കഴിഞ്ഞ മാസം സിഡിഎസ്‌സിഒ പുറത്ത് വിട്ടിരുന്നു. സര്‍ക്കാര്‍ ലാബുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക നവംബറില്‍ പുറത്തു വിട്ടത്.
പരിശോധിച്ച സാമ്പിളുകള്‍ ഒന്നും മായം ചേര്‍ത്തതും വ്യാജമായി നിര്‍മ്മിച്ചതുമല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കഫ് സിറപ്പുകള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ നിരവധി മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇത്തരം മരുന്നുകളുടെ കയറ്റുമതിക്ക് സര്‍ക്കാരിന്‍റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവിറക്കിയിരുന്നു.