റായ്‌പൂർ: ചത്തീസ്‌ഗഢിൽ ജവാന്മാരുമായുണ്ടായ ഏറ്റുമുട്ടലിൽ കാണാതായ സിആർപിഎഫ് ജവാൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) കസ്റ്റഡിയിൽ. സിപിഐ(മാവോയിസ്റ്റ്) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാർ സംഘടനയുമായി സംസാരിക്കാൻ മധ്യസ്ഥനെ നിയമിച്ചാൽ മാത്രമേ ജവാനെ വിട്ടു നൽകൂ എന്നും സർക്കാർ സഹകരിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ വിട്ടുനൽകാമെന്നും കുറിപ്പിൽ പറയുന്നു. സിആർപിഎഫ് കോബ്ര കമാന്‍ഡറായ രാകേശ്വർ സിങ് മൻഹാസ് ആണ് മാവോയിസ്റ്റിന്‍റെ കസ്റ്റഡിയിലുള്ളത്.
ഏപ്രിൽ 3ന് നടന്ന ഏറ്റുമുട്ടലിൽ 2000 പൊലീസുകാരാണ് ഉണ്ടായിരുന്നതെന്നും നാല് പീപ്പിൾസ് ലിബറേഷൻ ഗറില്ല അംഘങ്ങൾ കൊല്ലപ്പെട്ടെന്നും പ്രസ്താവനയിൽ പറയുന്നു. 2020 മുതൽ മോദി സർക്കാർ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണെന്നും അമിത് ഷായുടെ നേതൃത്വത്തിൽ തങ്ങൾക്ക് നേരെ വൻ ആക്രമണ പദ്ധതികളാണ് നടക്കുന്നതെന്നും കത്തിൽ വെളിപ്പെടുത്തുന്നു. ആക്രമണത്തിൽ 22 ജവാൻമാർ കൊല്ലപ്പെടുകയും 31ഓളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.