കൊൽക്കത്ത: സംസ്ഥാനത്ത് വാക്‌സിൻ ഡോസുകൾ ലഭ്യമായ ഉടൻ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവരുടെ രോഗപ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചേക്കുമെന്ന് അറിയിച്ച് പശ്ചിമ ബംഗാൾ സർക്കാർ. 45 വയസിനു മുകളിലുള്ളവരുടെ കുത്തിവയ്പ്പ് തുടരുമെന്നും സർക്കാർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വർധനവ് രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് നിലവിൽ 1,13,624 സജീവ കേസുകളാണുള്ളത്.
വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് പശ്ചിമ ബംഗാൾ കൗൺസിൽ ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ 11-ാം ക്ലാസ് വാർഷിക പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചു. കൂടാതെ പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാർ പുതിയ കൊവിഡ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പുതിയ മാർഗനിർദേശപ്രകാരം അടുത്ത ഉത്തരവ് വരെ ഷോപ്പിങ് കോംപ്ലക്‌സുകൾ, മാളുകൾ, ബ്യൂട്ടി പാർലറുകൾ, സിനിമാ ഹാളുകൾ, റെസ്റ്റോറന്‍റുകൾ, ബാറുകൾ, ജിമ്മുകൾ മുതലായവ അടച്ചിടും. എന്നിരുന്നാലും അവശ്യസാധനങ്ങൾക്കുള്ള വിപണികൾ രാവിലെ 7 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയും തുറന്നിരിക്കുമെന്ന് സർക്കാർ പറഞ്ഞു.