ന്യൂഡല്‍ഹി: കൽക്കരി കള്ളക്കടത്തുകാരുടെ ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച് മൂന്ന് സംസ്ഥാനങ്ങളിലായി 40 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. അനധികൃത കച്ചവടത്തിലും കൽക്കരി കള്ളക്കടത്തിലും ഉൾപ്പെട്ട ആളുകളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. പ്രധാനമായും പശ്ചിമ ബംഗാളിലാണ് റെയ്ഡ് നടന്നത്.
കല്‍ക്കരി കള്ളക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ മാത്രം 25 ഓളം കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. കല്‍ക്കരി വ്യവസായ നഗരമായ അസന്‍സോളിലെ കല്‍ക്കരി വ്യവസായി അനൂപ് മാഞ്ചിയാണ് റാക്കറ്റിന് നേതൃത്വം നല്‍കുന്നതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അസന്‍സോള്‍, ദുര്‍ഗാപൂര്‍, ബര്‍ദ്വാന്‍ ജില്ലയിലെ റാണിഖഞ്ച്, ബിശ്‌നാപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള അനൂപ് മാഞ്ചിയുടെയും അദ്ദേഹവുമായി ബന്ധമുള്ള ഓഫിസുകളിലും വീടുകളിലുമാണ് പ്രധാനമായും സിബിഐ റെയ്ഡ് നടത്തിയത്.