ന്യൂഡല്‍ഹി: കേന്ദ്രം കര്‍ഷകര്‍ക്കൊപ്പമാണെന്ന് കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരി. ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ താല്‍പര്യങ്ങളെ മാനിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈത്യകാലമായതിനാലും കൊവിഡ് സാഹചര്യമായതിനാലും കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും ഇത് കര്‍ഷകരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കര്‍ഷക പ്രതിഷേധങ്ങളില്‍ ആംആദ്‌മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്‍റെയും നിലപാടുകളെയും കൈലാഷ് ചൗധരി ചോദ്യം ചെയ്തു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസും കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്നുവെങ്കിലും പൊതുസമൂഹത്തിന് മുന്നില്‍ പിന്തുണക്കുന്നില്ലെന്ന് കൈലാഷ് ചൗധരി കുറ്റപ്പെടുത്തി. എപിഎംസി ഒഴിവാക്കുമെന്ന് 2019 തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന അവസരത്തിലും സിഎഎക്കെതിരെയും പ്രതിഷേധിച്ച പ്രതിപക്ഷം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആത്‌മനിര്‍ഭര്‍ ഭാരതില്‍ വിശ്വസിക്കുന്ന മോദി സര്‍ക്കാര്‍ മുഴുവന്‍ കര്‍ഷകരെയും സ്വയം പര്യാപ്‌തരാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ കര്‍ഷകരുമായി ഇതുവരെ ആറ് തവണ ചര്‍ച്ച നടത്തി. 19 ദിവസമായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്‌ച രാവിലെ 8 മണി മുതല്‍ 5 മണി വരെ കര്‍ഷക നേതാക്കള്‍ നിരാഹാര സമരം നടത്തുകയാണ്. കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.