ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഔറയ്യില്‍ ഭാര്യയേയും കാമുകനേയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ഔറയ്യയിലെ സഹയാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബുധനാഴ്‌ച (14.06.2023) രാത്രിയായിരുന്നു സംഭവം. ഇഷ്‌ടിക ഉപയോഗിച്ച് തലയ്‌ക്കടിച്ചായിരുന്നു ഇയാള്‍ ഇരുവരേയും കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം 112 നമ്പരില്‍ വിളിച്ച് പ്രതി തന്നെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലം എസ്‌പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌തു. കൊല്ലപ്പെട്ട സ്‌ത്രീയും യുവാവുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: സംഭവ ദിവസം രാത്രി സ്‌ത്രീയുടെ ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ സ്‌ത്രീയെ കാണാന്‍ കാമുകന്‍ രഹസ്യമായി ടെറസിലെത്തി. സംശയം തോന്നി ടെറസിലെത്തിയ ഇയാള്‍ ഇരുവരേയും കൈയ്യോടെ പിടികൂടി. പ്രകോപിതനായ ഭര്‍ത്താവ് ഇരുവരെയും ക്രൂരമായി മര്‍ദിച്ചു.
ശേഷം, ഇരുവരുടെയും കൈകാലുകള്‍ ബന്ധിക്കുകയും ഇഷ്‌ടിക ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സഹയാല്‍ പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പ്രതി തന്നെ 112 എന്ന നമ്പരില്‍ വിളിച്ച് കൊലപാതക വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് തെളിവ് ഉള്‍പ്പെടെ കണ്ടെടുത്ത് യുവാവിനെ അറസ്‌റ്റ് ചെയ്‌തു.
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി 40കാരന്‍ ആത്മഹത്യ ചെയ്‌തു: അതേസമയം, ഭാര്യയേയും മക്കളേയും ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം 40കാരന്‍ ആത്മഹത്യ ചെയ്‌തു. ഖഗാരിയ ജില്ലയിലെ മന്‍സി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഏകനിയ ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരണപ്പെട്ട ദാരുണ സംഭവം. ഭാര്യയേയും മൂന്ന് പെണ്‍മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുന്ന യാദവാണ് (40) ജീവനൊടുക്കിയത്.
മുന്ന യാദവ് കൊലപാതക കേസില്‍ പ്രതിയായിരുന്നു. ഈ കേസില്‍ ഏറെ നാളായി ഇയാള്‍ ഒളിവിലായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ഇയാള്‍ ചില കാര്യങ്ങളുടെ പേരില്‍ ഭാര്യയുമായി വഴക്കിട്ടു. ഇത് മൂര്‍ച്ഛിച്ചതോടെ ഭാര്യ പൂജ ദേവിയേയും, സുമന്‍ കുമാരി, അഞ്ചല്‍ കുമാരി, റോഷ്‌നി കുമാരി എന്നീ പെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. വഴക്ക് കൊലപാതകത്തിലേയ്‌ക്ക് നീങ്ങിയപ്പോള്‍ ഇയാളുടെ രണ്ട് ആണ്‍മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു.
കൊലപാതക വിവരം അറിഞ്ഞതോടെ മന്‍സി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു സംഘം സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഭഗല്‍പൂരില്‍ നിന്ന് ഫോറന്‍സിക് സംഘമെത്തി തെളിവെടുപ്പ് നടത്തി. സംഭവം സമഗ്രമായി അന്വേഷിച്ച് വരികയാണെന്നും സദര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ സുമിത് കുമാര്‍ അറിയിച്ചു.
അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ശരിവച്ച് കോടതി: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ ഉള്‍പ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. കേസില്‍ ധാര്‍വാര്‍ഡ് കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വധശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവച്ചത്. അത്യധികം ഗൗരവമുള്ള ക്രൂരകൃത്യമെന്ന് അറിയിച്ചായിരുന്നു ജസ്‌റ്റിസ് സൂഗജ് ഗോവിന്ദരാജ, ജസ്‌റ്റിസ് ജി ബസവരാജ എന്നിവരുടെ വിധി പ്രസ്‌താവന.