ബെംഗളൂരു: കൊവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രോഗികളെ കബളിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പുട്ടനെഹള്ളി പൊലീസാണ് അപ്പോളോ ആശുപത്രിയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെയുള്ള 6 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആശുപത്രിയിലെത്തിയ രോഗികളോട് കിടക്ക ഒഴിവില്ലെന്ന് ഇവര്‍ കള്ളം പറയുകയായിരുന്നു. ബോമ്മനഹള്ളി മേഖലയിലെ ബിബിഎംപി മെഡിക്കൽ ഓഫീസർ നാഗേന്ദ്രയുടെ പരാതിയിൽ അപ്പോളോ ഹോസ്പിറ്റൽ സിഇഒ ഡോ. ഡേവിഡ് സോണ, ഓപ്പറേഷൻ ഹെഡ് കൽപ്പന, മെഡിക്കൽ സൂപ്രണ്ട് ഡോ. ശാന്ത എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കിടക്കകള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. അതിനാൽ രോഗബാധിതർക്ക് 50 ശതമാനം കിടക്കകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി. പക്ഷേ, ആശുപത്രി കിടക്കകളിൽ പകുതിയും രോഗബാധിതര്‍ക്ക് നൽകിയില്ലെന്നാണ് പരാതി.
ഏപ്രിൽ 14ന് കൊവിഡ് ബാധിച്ച രോഗിയെ ബിബിഎംപി ക്വാട്ടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഏപ്രിൽ 20ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹത്തെ ഏപ്രിൽ 24 വരെ അഡ്മിറ്റ് ചെയ്തതായി ആശുപത്രി അധികൃതര്‍ ബിബിഎംപിയെ അറിയിച്ചു. കൊറോണ ബാധിച്ച മറ്റൊരു വ്യക്തിയെ ഏപ്രിൽ 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഏപ്രിൽ 20ന് അയാള്‍ മരണപ്പെട്ടു. 2.49 ലക്ഷം രൂപയാണ് കുടുംബാംഗങ്ങളില്‍ നിന്ന് ബിൽ തുക ഈടാക്കിയത്. ഇയാളെ ഏപ്രിൽ 25 വരെ ആശുപത്രിയില്‍ ചികില്‍സിച്ചതായാണ് ആശുപത്രി അധികൃതര്‍ ബിബിഎംപിക്ക് നല്‍കിയ രേഖയില്‍ പറയുന്നതെന്ന് നാഗേന്ദ്ര കുമാർ നല്‍കിയ പരാതിയിൽ പറയുന്നു.