ന്യൂഡൽഹി: പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകളിൽ താൽകാലികമായി വർധിപ്പിക്കുമെന്ന് റെയിൽവേ. കൊവിഡ് -19 നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായുള്ള താൽകാലിക നടപടിയാണ് ഇതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് ഡിവിഷണൽ റെയിൽവേ മാനേജർ(ഡിആർഎം)മാരുടെ ഉത്തരവാദിത്തമാണെന്നും യാത്രക്കാരുടെ സുരക്ഷയ്‌ക്കും സ്‌റ്റേഷനുകളിൽ തിരക്ക് കൂടാതിരിക്കുന്നതിനും റെയിൽവേ ഭരണകൂടം ഏറ്റെടുക്കുന്ന താൽകാലിക നടപടിയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗ്രൗണ്ട് സ്‌റ്റേഷൻ വിലയിരുത്തിയ ശേഷം സമയാസമയങ്ങളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കും. ഫീൽഡ് മാനേജുമെന്‍റ് ആവശ്യകതകൾ കാരണം പ്ലാറ്റ്‌ഫോം ടിക്കറ്റിന്‍റെ ചാർജുകൾ മാറ്റാനുള്ള അധികാരം ഡിആർഎമ്മുകൾക്ക് നൽകിയിട്ടുണ്ട്. നിരവധി വർഷങ്ങളായി ഈ നടപടി പ്രായോഗികമാണെന്നും ഇടയ്ക്കിടെ ഇത് ഹ്രസ്വകാല ജനക്കൂട്ട നിയന്ത്രണ നടപടിയായി ഉപയോഗിക്കുന്നുവെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിനായി ഫെബ്രുവരിയിൽ ഇത്തരത്തിൽ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് റെയിൽവേ പ്രഖ്യാപിച്ചിരുന്നു.