ഡാർജലിങ്: ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്ന് ബ്രീട്ടീഷുകാർ വിശേഷിപ്പിച്ചയിടമാണ് പശ്ചിമ ബംഗാളിലെ ഡാർജലിങ്. അകാശച്ചെരിവിനോളം നീണ്ടു കിടക്കുന്ന പച്ചയണിഞ്ഞ കുന്നുകൾ, വെള്ളച്ചാട്ടം, തടാകങ്ങൾ തുടങ്ങി കണ്ണിനു കുളിരു പകരുന്ന ദൃശ്യങ്ങളാണ് ഡാർജലിങ്ങിന്‍റെ സവിശേഷത. ഈ പ്രദേശങ്ങലിലൂടെയുള്ള ട്രെയിൻ യാത്ര വിദേശികൾക്കും സ്വദേശികൾക്കും ഒരു സ്വപ്‌ന യാത്രയാണ്. ഈ യാത്ര സാക്ഷാത്‌കരിക്കണമെങ്കിൽ 'ഹെറിറ്റേജ് ടോയ് ട്രെയിൻ' യാത്ര ചെയ്‌താൽ മതി.
ഡാർജലിങ്ങിന്‍റെ ഹൃദയമെന്ന് വിശേഷിപ്പിക്കുന്ന കുന്നുകൾക്കിടയിലൂടെയുള്ള യാത്ര യാത്രക്കാർക്ക് മറക്കാനാവാത്ത അനുഭവങ്ങൾ സൃഷ്‌ടിക്കുന്നതാണ്. പശ്ചിമ ബംഗാളിൽ മാത്രമല്ല രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വിദേശികളും ഈ യാത്രക്കായി സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. ഡാർജലിങ് ഹിമാലയൻ റെയിൽവെ, വിനോദ സഞ്ചാരികൾക്ക് ഇടയിൽ പോലും പരിചിതമാണ്.
വടക്കൻ ബംഗാളിന്‍റെ ടൂറിസം വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് കൊവിഡ് പൊട്ടിപുറപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഒരു വർഷത്തിലേറെയായി ഈ ടോയ് ട്രെയിൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. റെയിൽവെ അധികൃതർക്കൊപ്പം വിനോദ സഞ്ചാരികൾക്കും ട്രെയിൻ സർവീസിനെപ്പറ്റി ആശങ്കയുണ്ട്.
കുന്നിടിച്ചിലിനെ തുടർന്ന് മൂന്ന് നാല് വർഷത്തോളം ഈ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു. ടോയ് ട്രെയിന്‍റെ പ്രവർത്തനം പുനരാരംഭിച്ചതോടെ വീണ്ടും പശ്ചിമ ബംഗാൾ വിനോദ സഞ്ചാര മേഖലകളിൽ മുന്നിലെത്തി. മഹാമാരിയെ തുടർന്ന് ടോയ് ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് വിനോദ സഞ്ചാരികളെയും നിരാശപ്പെടുത്തിയിരുന്നു. ടോയ് ട്രെയിന്‍റെ പാതയും ലോക്കോമോട്ടീവുകളും സംരക്ഷിച്ചാൽ മാത്രമേ കൊവിഡിനെ മറികടന്നാലും വീണ്ടും ട്രെയിനിന് പ്രവർത്തിക്കാനാകൂവെന്നും അധികൃതർ പറയുന്നു.
READ MORE: ജസ്‌കണ്ഡി ഒരു പാഠമാണ്... ഒരു തുള്ളി വെള്ളം പോലുമില്ലാത്ത ഭൂമിയില്‍ നിന്ന് ജലസമൃദ്ധിയിലേക്ക്