കൊഹിമ (നാഗാലാൻഡ്): നാഗാലാൻഡിന്‍റെ ചരിത്രത്തിലെ ആദ്യ വനിത എംഎൽഎയായി ഹെഖാനി ജഖാലു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (എൻഡിപിപി) സ്ഥാനാർഥിയായ ഹെഖാനി ജഖാലു ദിമാപൂർ-മൂന്ന് മണ്ഡലത്തിൽ നിന്ന് 1,536 വോട്ടുകൾക്കാണ് വിജയം നേടിയത്. ലോക് ജനശക്‌തി പാർട്ടി സ്ഥാനാർഥിയായ അസെറ്റോ സിമോമിയേയാണ് 84 കാരിയായ ജഖാലു പരാജയപ്പെടുത്തിയത്.
അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമാണ് ഹെഖാനി ജഖാലു. യുഎസിൽ നിന്നാണ് ജഖാലു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യുവാക്കളെ അവരുടെ പഠനത്തിന് സഹായിക്കുകയും തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന 'യൂത്ത് നെറ്റ് നാഗാലാൻഡ്' എന്ന ഒരു എൻജിഒയും ജഖാലുവിന്‍റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. 2018ൽ ജഖാലുവിന് നാരി ശക്തി പുരസ്‌കാരവും ലഭിച്ചിരുന്നു.
നാഗാലാൻഡ് നിയമസഭ തെരഞ്ഞെടുപ്പിലെ 183 സ്ഥാനാർഥികളിൽ നാല് സ്‌ത്രീകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഹെഖാനി ജഖാലുവിനെ കൂടാതെ ടെനിങ്ങില്‍ കോണ്‍ഗ്രസിന്‍റെ റോസി തോംപ്‌സണ്‍, വെസ്റ്റ് അംഗാമിയില്‍ എൻഡിപിപിയുടെ സല്‍ഹൗതുവോനുവോ ക്രൂസെ, അതോയ്‌തു സീറ്റില്‍ ബിജെപിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകൾ.
വെസ്റ്റേണ്‍ അംഗാമിയിൽ എന്‍ഡിപിപിയുടെ സല്‍ഹൗതുവോനുവോ ക്രൂസെ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് ഭരണകക്ഷിയായ എൻഡിപിപി-ബിജെപി സഖ്യം 40-ലധികം സീറ്റുകളിൽ ലീഡ് ചെയ്‌തുകൊണ്ട് സംസ്ഥാനത്ത് അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി നെയ്‌ഫിയു റിയോയുടെ നേതൃത്വത്തിലുള്ള എൻഡിപിപി 2018 മുതൽ ബിജെപിയുമായി സഖ്യത്തിലാണ്.