ന്യൂഡല്‍ഹി: 77ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയോടൊപ്പം ഏകദേശം 88 ദശലക്ഷത്തിലധികം സെല്‍ഫികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വെബ്‌സൈറ്റായ ഹര്‍ ഘര്‍ തിരംഗയില്‍ അപ്‌ലോഡ് ചെയ്‌തത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രചരണത്തില്‍ നരേന്ദ്ര മോദി ദേശീയ പതാകയ്‌ക്കൊപ്പമുള്ള സെല്‍ഫികള്‍ പങ്കുവയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് 12 മണി വരെയായിരുന്നു സെല്‍ഫികള്‍ പങ്കുവയ്‌ക്കുവാനായി അനുവദിച്ച സമയം.
77ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനോട് അനുബന്ധിച്ച് ഓഗസ്‌റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസം തങ്ങളുടെ വീടുകള്‍ക്ക് മുമ്പില്‍ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഹര്‍ ഘര്‍ തിരംഗയുടെ ഹോം പേജില്‍ അപ്‌ലോഡ് സെല്‍ഫി, ഡിജിറ്റല്‍ തരംഗ തുടങ്ങിയ രണ്ട് ഓപ്‌ഷനുകളാണുള്ളത്. വെബ് പേജ് താഴേയ്‌ക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ദേശീയ പതാകയുമായി നില്‍ക്കുന്ന കേന്ദ്ര മന്ത്രി അമിത് ഷാ, മുന്‍ ക്രിക്കറ്റ് താരം പാര്‍ഥിവ് പട്ടേല്‍, നടന്‍ അനുപം ഖേര്‍, ഗായകനായ കൈലാശ് ഖേര്‍ എന്നീ പ്രമുഖരുടെ ചിത്രങ്ങള്‍ കാണാം.
തരംഗമായി ഹര്‍ ഘര്‍ തിരംഗ: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിൽ കഴിഞ്ഞ വർഷം ജൂലൈ 22നാണ് പ്രധാനമന്ത്രി മോദി ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ആരംഭിച്ചത്. ശേഷം, ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന്‍റെ പ്രചോദനം ഉള്‍ക്കൊണ്ട് സ്വാതന്ത്ര്യ ദിനത്തിന്‍റെ തലേ ദിവസമായ ഞായറാഴ്‌ചയായിരുന്നു സെല്‍ഫി പങ്കുവയ്‌ക്കുവാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. ക്യാമ്പയിന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ചിത്രം മോദി ദേശീയ പതാകയുടേതാക്കിയിരുന്നു.
ക്യാമ്പയിന്‍റെ അവസാന ആഴ്‌ചയില്‍ ഡല്‍ഹിയിലെ പ്രഗതി മൈതാനത്തില്‍ വച്ച് സംഘടിപ്പിച്ച ബൈക്ക് റാലിയില്‍ കേന്ദ്ര മന്ത്രി അമിത് ഷാ പങ്കെടുത്തിരുന്നു. പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടമായ ബൈക്ക് റാലി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍ങ്കർ ഫ്ലാഗ് ഓഫ് ചെയ്യുകയും മഥുര റോഡ്, ഭൈറോൺ റോഡ്, ഇന്ത്യ ഗേറ്റ്, പ്രഗതി മൈതാൻ തുരങ്കം എന്നിവയിലൂടെ മുന്നേറുകയും ചെയ്‌തു. റാലിയില്‍ കിഷന്‍ റെഡ്ഡി ബൈക്ക് ഓടിക്കുമ്പോള്‍ അനുരാഗ് ഠാക്കൂര്‍ ദേശീയ പതാക കൈകളിലേന്തി ബൈക്കിന് പിന്നിലിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു,
ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു റാലി സംഘടിപ്പിച്ചത്. കേന്ദ്ര മന്ത്രിയും കര്‍ണാടകയിലെ ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലാജെയും ബൈക്ക് റാലിയില്‍ പങ്കെടുത്തിരുന്നു.
77ാമത് സ്വാതന്ത്ര്യ ദിനം ഉദ്‌ഘാടനം ചെയ്‌ത് മോദി: അതേസമയം, 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പ്രധാന മന്ത്രി തുടക്കം കുറിച്ചത്. രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്കെത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീരഹൃദയർക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്.