ഹൈദരാബാദ്: ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനിലെ 15 വർഷം നീണ്ട ബിജെപി ഭരണം അവസാനിപ്പിച്ച് ആം ആദ്‌മി പാർട്ടി അധികാരത്തിലെത്തുമ്പോൾ ഡല്‍ഹിയെ ആംആദ്‌മി അണികൾ മാത്രമല്ല ഗുജറാത്തിലെ ആം ആദ്‌മി പ്രവർത്തകരും ആവേശത്തിലാണ്. കാരണം ഗുജറാത്തിലും ഹിമാചലിലും നാളെ (08.12.22) നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഇന്ന് പുറത്തുവന്ന ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം ആംആദ്മിക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ 27 വർഷമായി ഗുജറാത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കി അധികാരത്തിലെത്താമെന്ന് ആംആദ്മി പാർട്ടി ഗുജറാത്തില്‍ സ്വപ്നം കാണുമ്പോൾ അധികാരത്തില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാല്‍ ഫലം വരുമ്പോൾ അത് താമരത്തിളക്കം കൂട്ടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
33 ജില്ലകളിലായി 182 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. 68 നിയമസഭ സീറ്റുകളിലേക്കാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടന്നത്. ഡല്‍ഹിക്കും ഹരിയാനയ്ക്കും പുറത്ത് ആം ആദ്മി ആദ്യമായി ശക്തമായ പോരാട്ടം കാഴ്‌ചവെച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കൗതുകം.
എക്‌സിറ്റ് പോളുകൾ താമരയ്‌ക്കൊപ്പം: കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ്‌പോളുകൾ പ്രകാരം രണ്ട് സംസ്ഥാനങ്ങളിലും ബിജെപി അധികാരം നിലനിർത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ആംആദ്‌മി പ്രതീക്ഷിച്ച പോരാട്ടം നടത്തില്ലെന്നും എക്‌സിറ്റ് പോളുകൾ പറയുന്നു. കോൺഗ്രസിന് നേരിയ പ്രതീക്ഷ പുലർത്താനാകുന്നത് ഹിമാചലില്‍ മാത്രമാണെന്ന സൂചനകളും എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്.
എക്‌സിറ്റ് പോളുകൾ പ്രകാരം ഗുജറാത്തില്‍ തുടർച്ചയായ ഏഴാം തവണ ബിജെപി അധികാരത്തിലെത്തുമെന്നാണ് സൂചനകൾ. സംസ്ഥാനം മുഴുവൻ നീണ്ടു നിന്ന 30 റാലികളും റോഡ് ഷോകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഗുണം ചെയ്‌തുവെന്നാണ് ബിജെപി കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്. മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും തെരെഞ്ഞെടുപ്പ് പ്രചാരണം നയിച്ചു.
രണ്ട് മാസം ഗുജറാത്തില്‍ ക്യാമ്പ് ചെയ്‌താണ് അമിത് ഷാ പ്രചാരണം നയിച്ചത്. അതിനൊപ്പം ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവ്‌രാജ് സിങ് ചൗഹാൻ, ഹിമാന്ത ബിശ്വ ശർമ, പ്രമോദ് സാവന്ത് എന്നിവരും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനുണ്ടായിരുന്നു.
നിശ്‌ബദമായി കോൺഗ്രസ്: ഗുജറാത്തില്‍ പൂർണമായും പിൻവാങ്ങിയ മട്ടിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിലും ആംആദ്മിയും ചേരുന്നത് തുടർന്നത് തുടക്കത്തില്‍ തന്നെ ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി. അതിനാല്‍ വലിയ പ്രചാരണ കോലാഹലങ്ങൾക്ക് പകരം വീട് കയറിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ ജനവികാരം ഉപയോഗപ്പെടുത്താൻ വീടുകയറിയുമുള്ള പ്രചാരണത്തിനാണ് ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലായത് കോൺഗ്രസിനെ പൂർണമായും പ്രതിരോധത്തിലാക്കുകയും ചെയ്‌തു. അടുത്തിടെ അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികൾ നടത്തിയെങ്കിലും അതെല്ലാം മോദിയെ വിമർശിക്കാൻ വേണ്ടി മാത്രമുള്ളതായി മാറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ റാലികൾ കോൺഗ്രസിന് ചില മണ്ഡലങ്ങളില്‍ മേല്‍ക്കൈ നല്‍കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
ആഞ്ഞടിച്ച് ആപ്പും അരവിന്ദ് കെജ്‌രിവാളും: ഗുജറാത്തില്‍ എവിടെയെല്ലാം ബിജെപിയെ പ്രതിരോധത്തിലാക്കാൻ കഴിയുമോ അവിടെയെല്ലാം വൻ പ്രചാരണവുമായി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ ആം ആദ്‌മി പാർട്ടി മുന്നേറ്റം നടത്തി. പക്ഷേ ആപ്പ് നടത്തിയ പ്രവർത്തനം തങ്ങളെ ബാധിക്കില്ലെന്നും കോൺഗ്രസിന്‍റെ വോട്ടാണ് നഷ്‌ടപ്പെടുക എന്നുമുള്ള പ്രചാരണം ബിജെപി ആദ്യം മുതല്‍ തുടർന്നത് എങ്ങനെ ബാധിക്കും എന്ന് നാളെയറിയാം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാൻ, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും ആപ്പിന്‍റെ പ്രചാരണത്തിന് നേതൃത്വം നല്‍കി.
ആർക്കൊപ്പം ഗുജറാത്ത്: ഡിസംബർ ഒന്നിനും അഞ്ചിനും രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ പോളിങ് നടന്നത്. 2017ല്‍ 71.28 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഗുജറാത്തില്‍ 2022ല്‍ 66.31 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത് എന്നതും കൗതുകമാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭൂപേന്ദ്ര പട്ടേല്‍, ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗഡ്‌വി, യുവനേതാക്കളായ ഹാർദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂർ എന്നിവർ അടക്കം 1621 സ്ഥാനാർഥികളാണ് ഗുജറാത്തില്‍ മത്സര രംഗത്തുണ്ടായിരുന്നത്.
2017ല്‍ ബിജെപി 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയപ്പോൾ 77 സീറ്റുകളുമായി കോൺഗ്രസ് കരുത്ത് കാട്ടി. പക്ഷേ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 20 എംഎല്‍എമാർ ബിജെപിയില്‍ ചേർന്നത് കോൺഗ്രസിന് വൻ തിരിച്ചടിയായി.
ഹിമാചല്‍ ആർക്കൊപ്പം: ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഗുജറാത്തിനൊപ്പം ഹിമാചല്‍ പ്രദേശിലും നാളെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസ് ദേശീയ നേതൃത്വം അടക്കം വലിയ പ്രതീക്ഷ പുലർത്തുന്നതും അതുകൊണ്ടാണ്. 1985ന് ശേഷം ഹിമാചല്‍ പ്രദേശില്‍ തുടർഭരണം സംഭവിച്ചിട്ടില്ലെന്ന വസ്‌തുത കൂടി കണക്കിലെടുത്താണ് അധികാരത്തില്‍ തിരിച്ചുവരാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അതിനൊപ്പം ഹിമാചല്‍ ബിജെപി നേതൃത്വത്തിലുണ്ടായ പടലപ്പിണക്കവും കാര്യങ്ങൾ എളുപ്പമാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.
തൊഴിലില്ലായ്‌മ, വിലക്കയറ്റം, ഓൾഡ് പെൻഷൻ പദ്ധതി എന്നി വിഷയങ്ങൾ ഉയർത്തി പ്രിയങ്ക ഗാന്ധി നേരിട്ടാണ് ഹിമാചലില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ആംആദ്മി പാർട്ടി ശക്തമായി മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ഹിമാചല്‍ പ്രദേശിന്‍റെ ചുമതലയുണ്ടായിരുന്ന സത്യേന്ദർ ജെയിൻ കള്ളപ്പണക്കേസില്‍ ജയില്‍ ആയത് ആപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനാല്‍ ആപ്പിന് ലഭിക്കേണ്ട വോട്ടുകൾ കൈപ്പത്തിക്ക് ലഭിക്കുമെന്നും കോൺഗ്രസ് കരുതുന്നു.
പ്രതീക്ഷ മോദി പ്രഭാവം തന്നെ: ഭരണവിരുദ്ധ വികാരം കോൺഗ്രസിന് അനുകൂലമായി പ്രതിഫലിക്കില്ലെന്ന് തന്നെയാണ് ഹിമാചല്‍ ബിജെപി നേതൃത്വം ആവർത്തിച്ച് പറയുന്നത്. കാരണം ശക്തമായ മോദി തംരംഗവും മോദി പ്രഭാവവും ഹിമാചല്‍ പ്രദേശിലുണ്ടെന്ന് ബിജെപി നേതാക്കൾ വിശ്വസിക്കുന്നു. അതിനൊപ്പം സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലുള്ള വർധന ഹിമാചലിലും ഉത്തരാഖണ്ഡിലും അടക്കം ബിജെപിക്ക് മുൻപും ഗുണം ചെയ്‌തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
നിർണായകം സ്വതന്ത്രർ: ഹിമാചല്‍ പ്രദേശില്‍ യുവാക്കൾ, സ്ത്രീ വോട്ടർമാർ എന്നിവരുടെ നിലപാട് ഫലത്തില്‍ നിർണായകമാകും. അതിനൊപ്പം സ്വതന്ത്രർ ജയിക്കുന്ന സീറ്റുകൾ ആര് അധികാരത്തില്‍ എത്തണം എന്നതിനെയും സ്വാധീനിക്കുമെന്നുറപ്പാണ്. 68 അംഗ നിയമസഭയിലേക്ക് 412 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
2017ല്‍ ബിജെപി 44 സീറ്റുകൾ നേടി അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസിന് 21 സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്രർ രണ്ട് സീറ്റും സിപിഎം ഒരു സീറ്റിലും ജയിച്ചു.
ആപ്പ്, അമിത് ഷാ, ഖാർഗെ ഇവരില്‍ ആര് വാഴും: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും പിടിക്കുന്ന ഓരോ വോട്ടും ദേശീയ പാർട്ടി എന്ന നിലയിലേക്കുള്ള വളർച്ചയില്‍ ആംആദ്‌മി പാർട്ടിക്ക് നിർണായകമാണ്. അതിനൊപ്പം ദേശീയ തലത്തില്‍ അരവിന്ദ് കെജ്‌രിവാളിന് ലഭിക്കുന്ന പരിഗണനയിലും ഈ രണ്ട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം സ്വാധീനം ചെലുത്തും.
27 വർഷമായി പൊന്നാപുരം കോട്ടപോലെ കാക്കുന്ന ഗുജറാത്തില്‍ നഷ്‌ടപ്പെടുന്ന ഓരോ സീറ്റും ദേശീയ തലത്തിലും പാർട്ടിയിലും അമിത് ഷായ്ക്ക് വലിയ ക്ഷീണമാകും. സ്വന്തമാക്കുന്ന വിജയം പാർട്ടിയില്‍ കൂടുതല്‍ ശക്തനാക്കുകയും ചെയ്യും. കോൺഗ്രസ് അധ്യക്ഷനായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് ഹിമാചലും ഗുജറാത്തും നല്‍കുന്ന പാഠവും വലുതായിരിക്കും.