ന്യൂഡൽഹി: പഞ്ചാബിലേക്കും മഹാരാഷ്ട്രയിലേക്കും കേന്ദ്ര സംഘത്തിനെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നടപടി. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കാനാണ് സംഘം സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. കൊവിഡ് വ്യാപനം, നിയന്ത്രണ നടപടികൾ എന്നിവ ചർച്ചയാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലേക്കുള്ള കേന്ദ്രസംഘത്തെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ സിഎംഒ പിഎ രവീന്ദ്രൻ നയിക്കും. പഞ്ചാബിലേക്കുള്ള സംഘത്തെ ന്യൂഡൽഹിയിലെ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ എസ് കെ സിംഗാണ് നയിക്കുന്നത്.
സംസ്ഥാനങ്ങളിലെ വിവിധ ഹോട്ട്‌സ്പോട്ടുകളിൽ സംഘം സന്ദർശനം നടത്തും. കൊവിഡ് വ്യാപനത്തിന്‍റെ കാരണങ്ങൾ കണ്ടെത്തുന്നതിനാണ് ഇതെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം പഞ്ചാബിൽ 6,666 സജീവ കൊവിഡ് കേസുകളാണ് നിലവിൽ ഉള്ളത്. മഹാരാഷ്ട്രയിൽ ഇത് 90,055 കേസുകളാണ്.