കൃഷ്‌ണഗിരി: ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തില്‍ സഞ്ചരിച്ചതിനെ തുടര്‍ന്ന്, പുഴയില്‍ അകപ്പെട്ട കാര്‍ പുറത്തെടുത്ത് അഗ്നിശമന സേന. നാലുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം, തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബാഗേപ്പള്ളി പാലത്തിനടുത്ത പുഴയിലാണ് അകപ്പെട്ടത്. ഓഗസ്റ്റ് 29 ന് രാത്രി, കർണാടക സർജാപൂർ സ്വദേശിയായ രാജേഷിനും കുടുംബത്തിനുമാണ് ദുരനുഭവം.
തമിഴ്‌നാട്ടിലെ ഹൊസൂരിലെത്തിയ കുടുംബം, ഓഗസ്റ്റ് 29 ന് വൈകിട്ടോടെ സ്വദേശത്തേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന്, ജില്ലയില്‍ പെയ്‌ത കനത്ത മഴയില്‍ റോഡിൽ പലയിടത്തും വെള്ളം കയറി. ഇക്കാരണത്താല്‍, കാര്‍ ഡ്രൈവര്‍ക്ക് വഴിയില്‍ അവ്യക്തതയുണ്ടായതിനാല്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിക്കുകയായിരുന്നു.
ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ വാഹനം ഓടിക്കുകയും തുടര്‍ന്ന് ബാഗേപ്പള്ളി പാലത്തിന് സമീപത്തുകൂടെ റൂട്ട് കാണിക്കുകയും ചെയ്‌തു. ഇതുപ്രകാരം, റോഡിന്‍റെ ദുരവസ്ഥ പോലും നോക്കാതെ രാജേഷ് മാപ്പ് നോക്കി വാഹനം ഓടിക്കുകയായിരുന്നു. തുടര്‍ന്ന്, വാഹനം പാലത്തിന് തൊട്ടുതാഴെയുള്ള പുഴയിലേക്ക് അകപ്പെട്ടു. കാര്‍ തിരിച്ചെടുക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍, ഫയർ ആൻഡ് റെസ്‌ക്യു അധികൃതരെ വിളിച്ചു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി വാഹനം കരയ്‌ക്കടുപ്പിക്കുകയായിരുന്നു.