ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷത്തെ യാത്രയെ പകര്‍ത്തി സോഫ്‌റ്റ്‌വെയർ ഭീമനായ ഗൂഗിളും. ചരിത്രരേഖകള്‍ കൊണ്ടും കലാപരമായി വരച്ചെടുത്ത ചിത്രങ്ങള്‍ കൊണ്ടും സമ്പന്നമായ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള 75 വർഷത്തെ കഥ പറയുന്ന ഓൺലൈൻ പ്രോജക്‌റ്റാണ് ഗൂഗിള്‍ പ്രകാശനം ചെയ്‌തത്. 'ഇന്ത്യ കി ഉഡാൻ' എന്ന പേരില്‍ വെള്ളിയാഴ്‌ച (05.08.2022) പുറത്തിറക്കിയ പദ്ധതി രാജ്യത്തിന്‍റെ നേട്ടങ്ങളെ ആഘോഷിക്കുന്നതിനൊപ്പം 'ഇന്ത്യയുടെ പതറാത്തതും അനശ്വരവുമായ കഴിഞ്ഞ 75 വർഷക്കാലത്തെ ആത്മാവിനെ പ്രമേയമാക്കുന്നത്' ആണ് പദ്ധതി.
ന്യൂഡല്‍ഹിയിലെ സുന്ദർ നഴ്‌സറിയിൽ കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിയുടെയും, സാംസ്‌കാരിക മന്ത്രാലയത്തിലെയും ഗൂഗിളിന്‍റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പദ്ധതി ഔദ്യോഗികമായി ലോഞ്ച് ചെയ്‌തത്. കേന്ദ്രസര്‍ക്കാര്‍ ഒരു വർഷം നീണ്ടുനിൽക്കുന്ന തരത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവിന്' പിന്തുണ അറിയിക്കുന്നതാണ് സാംസ്‌കാരിക മന്ത്രാലയവുമായി കൈകോര്‍ത്തുള്ള ഓണ്‍ലൈന്‍ പ്രോജക്‌റ്റെന്ന് ഗൂഗിൾ അറിയിച്ചു. 1947 മുതലുള്ള ഇന്ത്യക്കാരുടെ സംഭാവനകളും ഇന്ത്യയുടെ പരിണാമവുമാണ് ഓണ്‍ലൈന്‍ പ്രോജക്‌റ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഗൂഗിള്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
'അടുത്ത 25 വർഷത്തിനുള്ളിൽ എന്‍റെ ഇന്ത്യ ചെയ്യും' എന്ന വിഷയത്തിൽ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് 2022 ലെ ജനപ്രിയ ഡൂഡിൽ ഫോര്‍ ഗൂഗിൾ മത്സരം സംഘടിപ്പിക്കുമെന്നും ഇതിന്‍റെ ഭാഗമായി ഗൂഗിള്‍ പ്രഖ്യാപിച്ചു. ഇതിനുള്ള എൻട്രികൾക്കായി തുറന്നതായും അവര്‍ അറിയിച്ചു. ഈ മത്സരത്തിലെ വിജയിയുടെ കലാസൃഷ്‌ടി നവംബര്‍ 14ന് ഗൂഗിളിന്‍റെ ഇന്ത്യയിലുള്ള ഹോം പേജ് വഴി പ്രദര്‍ശിപ്പിക്കുകയും, വിജയിക്ക് അഞ്ച് ലക്ഷം രൂപ കോളജ് സ്‌കോളർഷിപ്പ് സമ്മാനമായും ലഭിക്കും. മാത്രമല്ല, വിജയിയുടെ സ്‌കൂളിന് / അല്ലെങ്കില്‍ സ്ഥാപനത്തിന് രണ്ട് ലക്ഷം രൂപയുടെ ടെക്‌നോളജി പാക്കേജ്, ഗൂഗിള്‍ ഹാര്‍ഡ്‌വെയര്‍, ഗൂഗിള്‍ ശേഖരണങ്ങൾ എന്നിവ ഈ നേട്ടത്തിനുള്ള അംഗീകാരമായി ലഭ്യമാക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. നാല് ഗ്രൂപ്പ് വിജയികള്‍ക്കും, ഫൈനലിസ്‌റ്റുകളായ 15 പേര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങൾ ലഭിക്കുമെന്നും ഗൂഗിള്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
3000 ത്തിലധികം കേന്ദ്ര സംരക്ഷിത സ്‌മാരകങ്ങളുടെ അതിർത്തികളുടെ ഡിജിറ്റൽ മാപ്പിങിൽ ഉള്‍പ്പെടുത്തുന്നത് വഴി സാംസ്‌കാരിക മന്ത്രാലയത്തെ സഹായിക്കാൻ ഗൂഗിളിന് കഴിയുമെന്ന് മന്ത്രി ജി കിഷൻ റെഡ്ഡി പ്രസംഗത്തില്‍ കുറിച്ചു. ഇത് അപൂര്‍വ ചരിത്രശേഖരണങ്ങളുടെ ഡിജിറ്റല്‍വത്‌കരണത്തിന് സഹായിക്കുമെന്നും അതോടൊപ്പം ഇന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിൾ ടീമിനോട് അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷിലും ഹിന്ദിയിലുമായി പ്രസിദ്ധീകരിച്ച പ്രോജക്‌റ്റില്‍ പത്ത് പ്രതിഭാധനരായ കലാകാരന്മാരുടെ 120 ലധികം ചിത്രീകരണങ്ങളും, 21 കഥകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും അവിസ്‌മരണീയമായ ചില നിമിഷങ്ങൾ, അതിലെ ഐതിഹാസിക വ്യക്തിത്വങ്ങൾ, അഭിമാനകരമായ ശാസ്‌ത്ര കായിക നേട്ടങ്ങൾ, ഇന്ത്യയിലെ സ്‌ത്രീകൾ ലോകത്തെ എങ്ങനെ പ്രചോദിപ്പിക്കുന്നു തുടങ്ങി കലാസൃഷ്‌ടികളുടെ ഒരു അതുല്യമായ മിശ്രിതമാണ് ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ള ഓൺലൈൻ പ്രോജക്‌റ്റ്.