പട്‌ന : ബിഹാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ട്രെയിനില്‍ നിന്നും ഒരു കോടി രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും കവര്‍ന്നെന്ന യാത്രക്കാരന്‍റെ സംശയാസ്‌പദമായ പരാതിയില്‍ കുഴഞ്ഞ് പൊലീസ്. രാജസ്ഥാന്‍ സ്വദേശിയായ മനോജാണ് പരാതി നല്‍കിയത്. ബുധനാഴ്‌ച(9.11.2022) രാത്രി കാമാഖ്യ എക്‌സ്‌പ്രസില്‍ പട്‌നയിലേയ്‌ക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിന്‍റെ 28ാം നമ്പര്‍ ബെര്‍ത്തില്‍ ഉറങ്ങിയിരുന്ന സമയം തന്‍റെ ട്രോളിയിലെ ടിഫിന്‍ ബോക്‌സിനുള്ളില്‍ സൂക്ഷിച്ച ഒരു കോടിയുടെ രണ്ട് കിലോയോളം സ്വര്‍ണവും അഞ്ച് കിലോയോളം വെള്ളിയും പണവും നഷ്ടപ്പെട്ടെന്നാണ് മനോജിന്‍റെ പരാതി.
പിറ്റേദിവസം പുലര്‍ച്ചെ ഉണര്‍ന്നപ്പോഴാണ് തന്‍റെ സ്വര്‍ണവും വെള്ളിയും പണവും നഷ്‌ടപ്പെട്ടുവെന്ന് മനസിലായതെന്നും മനോജ് പറയുന്നു. പരാതിയില്‍ സംശയം തോന്നിയ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പട്‌ന റെയില്‍വേ എസ്‌പി അനില്‍ സിങ് പറഞ്ഞു. രാജസ്ഥാന്‍ സ്വദേശിയായ പരാതിക്കാരനില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. എങ്ങനെയാണ് ഇയാളുടെ പക്കല്‍ ഇത്രയും സ്വര്‍ണവും വെള്ളിയും പണവും വന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
'സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനില്‍ നിന്നാണ് സ്വര്‍ണം കളവ് പോയതെന്ന് പറയപ്പെടുന്നു. എന്തായാലും പട്‌ന ജിആര്‍പി എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഭവം സംശയാസ്‌പദമായി തോന്നുന്നു. കേസ് ഉടന്‍ തന്നെ തെളിയിക്കും' - അനില്‍ സിങ് അറിയിച്ചു.