ആഗ്ര : ഉത്തർപ്രദേശിൽ അവധ് എക്‌സ്‌പ്രസിന്‍റെ ടോയ്‌ലറ്റിൽ നാല് വയസുകാരിയുടെ കാൽ കുടുങ്ങി. 20 കിലോ മീറ്റർ ദൂരം പിന്നിട്ട ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. ഓഗസ്‌റ്റ് 15 നായിരുന്നു സംഭവം.
ബിഹാറിലെ സിതാമർഹി നിവാസിയായ മുഹമ്മദ് അലി ഭാര്യയ്‌ക്കും മകൾക്കുമൊപ്പം ആഗ്ര ഫോർട്ട് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ട്രെയിൻ കയറിയത്. അവധ് എക്‌സപ്രസിന്‍റെ എസി കോച്ചിലാണ് കുടുംബം യാത്ര ചെയ്‌തിരുന്നത്. തുടർന്ന് ട്രെയിൻ ഇദ്‌ഗാഹ് സ്‌റ്റേഷനിലെത്തിയപ്പോൾ പെൺകുട്ടിയെ അമ്മ ടോയ്‌ലറ്റിൽ കൊണ്ടുപോവുകയായിരുന്നു. സ്‌ക്വാഡ് ടോയ്‌ലറ്റിലാണ് കുട്ടിയെ കൊണ്ടുപോയത്.
കുട്ടിയുടെ അമ്മയുടെ കയ്യിലുണ്ടായിരുന്ന ഫോൺ റിങ് ചെയ്‌തതിനെ തുടർന്ന് അവർ എടുത്ത് സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടി ട്രെയിനിന്‍റെ ചലനത്തിൽ തെന്നി വീഴുകയും കാൽ ടോയ്‌ലറ്റിൽ കുടുങ്ങുകയുമായിരുന്നു. ആദ്യം കുട്ടിയുടെ കാൽ പുറത്തെടുക്കാൻ യുവതി തന്നെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോൾ മറ്റുള്ളവരുടെ സഹായം തേടി.
തുടർന്ന് പെൺകുട്ടിയുടെ അച്ഛനും സഹയാത്രികരും ടോയ്‌ലറ്റ് കുഴിയിൽ നിന്ന് കാൽ പുറത്തേക്കെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വേദനകൊണ്ട് പെൺകുട്ടി കരയാൻ തുടങ്ങിയതോടെ എല്ലാവരും പരിഭ്രാന്ത്രരാകുകയും ചെയ്‌തു. തുടർന്ന് യാത്രക്കാർ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടി.
അപ്പോഴേക്കും 20 കിലോമീറ്റർ പിന്നിട്ട് ട്രെയിൻ ആഗ്രയിലെ ഫിത്തേപൂർ സിക്രി സ്‌റ്റേഷനിലെത്തിയിരുന്നു. അവിടെ ട്രെയിൻ നിർത്തി ജിആർപി, ആർപിഎഫ്, റെയിൽവേ ഉദ്യോഗസ്ഥർ കോച്ചിലെത്തി പരിശോധിച്ച ശേഷം റെയിൽവേയുടെ സാങ്കേതിക സംഘത്തെ സ്‌റ്റേഷനിലെത്തിച്ച് ടോയ്‌ലറ്റ് സീറ്റിന് താഴെയുള്ള ബയോ ടോയ്‌ലറ്റ് ബോക്‌സ് തുറപ്പിക്കുകയായിരുന്നു. 30 മിനിട്ടോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ടോയ്‌ലറ്റ് ബോക്‌സ് തുറന്ന് പെൺകുട്ടിയുടെ കാൽ പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് അവധ് എക്‌സ്‌പ്രസ് ഒരു മണിക്കൂറോളം ഫത്തേപൂർ സിക്രി സ്‌റ്റേഷനിൽ നിർത്തിയിടേണ്ടി വന്നു.
ഓടുന്ന ട്രെയിനിൽ നിന്ന് കാൽ വഴുതി വീണു : ഇക്കഴിഞ്ഞ ജൂൺ 30 നാണ് രാജസ്ഥനിലെ ഗാന്ധിനഗർ റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ യുവതി കാൽ വഴുതി വീണത്. എന്നാൽ യുവതിയെ അപകടത്തിൽപ്പെടാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഇന്‍സ്‌പെക്‌ടര്‍ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മരുധര്‍ എക്‌സ്‌പ്രസ് ഗാന്ധിനഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.
ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ കയറാന്‍ ശ്രമിച്ച ഉത്തര്‍ പ്രദേശ് സ്വദേശിയായ മഞ്‌ജു ഹെയ് നിയന്ത്രണം നഷ്‌ടപ്പെട്ട് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലായി വീഴുകയാണുണ്ടായത്. ഇതുകണ്ട് യാത്രക്കാർ നിലവിളിക്കുകയും സംഭവസ്ഥലത്തുണ്ടായിരുന്ന ആർപിഎഫ് ഇൻസ്പെക്‌ടർ കൃപാൽ സിങ് വേഗം ഓടിയടുത്ത് യുവതിയെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.