ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി ട്രാക്‌ടര്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി നാളെ അവതരിപ്പിക്കും. കര്‍ഷകര്‍ക്ക് ഇന്ധന ചെലവില്‍ ഗണ്യമായ കുറവ് വരുത്താമെന്നാണ് ഇത്തരം ട്രാക്‌ടറുകളുടെ ഉപയോഗം മൂലമുള്ള ഗുണമെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ഇങ്ങനെ പ്രതിവര്‍ഷം ഇന്ധന ചെലവില്‍ ഒരു ലക്ഷത്തിലധികം രൂപ ലാഭിക്കാമെന്നതാണ് കര്‍ഷകര്‍ക്ക് കിട്ടാവുന്ന വലിയ നേട്ടമെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു. നാളെ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിങ് തോമര്‍, പര്‍ഷോട്ടം റുപാല, റിട്ടയര്‍ഡ് ജനറല്‍ വികെ സിങ് എന്നിവര്‍ പങ്കെടുക്കും. റാവ്‌മെത് ടെക്‌നോ സൊലൂഷനും ടൊമസെറ്റോ അക്കിലേ ഇന്ത്യ എന്നീ കമ്പനികളാണ് ട്രാക്‌ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നിലവിലെ ഡീസല്‍ വില ലിറ്ററിന് 77.43 രൂപയാണ്. അതേ സമയം സിഎന്‍ജിക്ക് കിലോഗ്രാമിന് 42 രൂപയാണ്. ഇങ്ങനെ ഇന്ധന ചെലവില്‍ 50 ശതമാനം വരെ കര്‍ഷകന് ലാഭിക്കാം. സാധാരണ ഡീസല്‍ എഞ്ചിനെ അപേക്ഷിച്ച് പുറന്തള്ളുന്ന മലിനീകരണം 70 ശതമാനം കുറവാണെന്നതും സിഎന്‍ജി ട്രാക്‌ടറുകളുടെ പ്രത്യേകതയാണ്. സിഎന്‍ജി ഇന്ധനത്തില്‍ കാര്‍ബണിന്‍റെയും മറ്റ് ഘടകങ്ങളുടെയും അളവ് വളരെ കുറവാണ്.