ന്യൂഡൽഹി : ഈ വർഷം നടന്ന വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഇലട്രോണിക് വോട്ടിങ് മെഷീനിലും(ഇവിഎം) വിവിപാറ്റുകളിലും രേഖപ്പെടുത്തിയവയുടെ എണ്ണത്തിൽ 100 ശതമാനം കൃത്യതയെന്ന് കമ്മിഷന്‍. കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന്‍റെ വിവരങ്ങളാണ് കമ്മിഷൻ പുറത്ത് വിട്ടത്. പശ്ചിമ ബംഗാൾ-1,492, തമിഴ്‌നാട്-1,183 ,കേരളം-728, അസം-647, പുതുച്ചേരി- 156 എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ ഉപയോഗിച്ച വിവിപാറ്റുകളുടെ എണ്ണം.
Also Read:ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 1044 ബ്ലാക്ക് ഫംഗസ് കേസുകൾ
2019ൽ അണ് എല്ലാ മണ്ഡലങ്ങളിലെയും ഏതെങ്കിലും അഞ്ച് വിവിപാറ്റുകളിലെ വോട്ട് കൂടി എണ്ണണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകിയത്. ഇത്തവണ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇവിഎമ്മുകളോടൊപ്പം എല്ലാ വിവിപാറ്റുകളിലും വീഴുന്ന വോട്ടുകളുടെ എണ്ണത്തിലെ കൃത്യത തേടി കത്തയച്ചത്.
എന്താണ് വിവിപാറ്റ് (Voter Verifiable Paper Audit Trail)
തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്തുക എന്നതാണ് വിവിപാറ്റിന്‍റെ ഉദ്ദേശ ലക്ഷ്യം. ഇവിഎമ്മിനോട് ചേർന്നാണ് വിവിപാറ്റുകൾ ഘടിപ്പിക്കുന്നത്. രേഖപ്പെടുത്തുമ്പോൾ അതിന്‍റെ വിവരങ്ങൾ വിവിപാറ്റ് മെഷീനിലൂടെ പേപ്പറിൽ പ്രിന്‍റായി വരും. ഇതിലൂടെ നമ്മുടെ വോട്ട് കൃത്യമായാണോ ഇവിഎം രേഖപ്പെടുത്തിയതെന്ന് അറിയാൻ സാധിക്കും. 1989 മുതൽ ഇവിഎം ഉണ്ടെങ്കിലും വിവിപാറ്റുകൾ ഇന്ത്യയിൽ ഉപയോഗിച്ച് തുടങ്ങിയത് 2014ൽ ആണ്. എന്നാൽ മുഴുവൻ മണ്ഡലങ്ങളിലും വിവിപാറ്റ് എത്തിയത് 2019ലെ പൊതു തെരഞ്ഞെടുപ്പിലാണ്. ഇവിഎം-വിവിപാറ്റ് വോട്ടുകൾ തമ്മിൽ വ്യത്യാസം ഉണ്ടാകുകയാണെങ്കിൽ വിവിപാറ്റിലെ വോട്ടുകളാകും പരിഗണിക്കുക.