ഹൈദരാബാദ്: 2020ലെ വാൻ-ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ അവാർഡ് ഇടിവി ഭാരതിന്. ന്യൂസ് ലിട്ടറസി വിഭാഗത്തിലാണ് പുരസ്‌കാരം. കൊവിഡ് കാലത്ത് ഇന്‍റർനെറ്റ് ലഭ്യതക്കുറവ് മൂലം പഠനം മുടങ്ങിയ കുട്ടികളെ കുറിച്ച് തയ്യാറാക്കിയ വാർത്താ പരമ്പരയാണ് ഇടിവി ഭാരതിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം കുട്ടികൾക്ക് പഠനം മുടങ്ങിയതായി നേരത്തെ യുനസ്‌കോയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്‍റർനെറ്റ് ലഭ്യതക്കുറവാണ് ഇതിന് പ്രധാന കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഇന്‍റർനെറ്റ് ദൗർലഭ്യം മൂലം പഠനം മുടങ്ങിയ വിദ്യാർഥികളെ കുറിച്ചുള്ള വാർത്താ പരമ്പരയിൽ ഇടിവി ഭാരത് ഏറെ മുൻപിലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ ശൃംഖലയെന്ന നിലയിൽ, ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ച ഇടിവി ഭാരത് ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി . മൊബൈൽ ടെക്‌നോളജിയുടെ സഹായത്താൽ ജനങ്ങളിലേക്ക് കൃത്യതയോടെയും അതിവേഗത്തിലും വാർത്തകൾ എത്തിക്കാനും ഇടിവി ഭാരതിന് കഴിഞ്ഞു.