ന്യൂഡൽഹി : അഹമ്മദാബാദ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി - സൈഡസ് കാഡില വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ സൈക്കോവ്-ഡിയുടെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകുമെന്ന് ഡിസിജിഐ.
സൈകൊവ്-ഡിയുടെ അടിയന്തര ഉപയോഗ അനുമതി തേടി കമ്പനി ഡിസിജിഐയെ സമീപിച്ചിരുന്നു. സബ്‌ജക്‌ട് എക്സ്പേര്‍ട്ട് കമ്മിറ്റി യോഗം ചേർന്ന് ഇക്കാര്യം അവലോകനം ചെയ്യുമെന്നും അതിനുശേഷം മാത്രമേ വാക്സിന് അനുമതി നൽകുകയുള്ളൂവെന്നുമാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്.
12 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള കാര്യങ്ങളും കമ്മിറ്റി പരിശോധിക്കും. സൈഡസ് കാഡില സമർപ്പിച്ച വിവരങ്ങൾ കമ്മിറ്റി ബോധ്യപ്പെട്ടാൽ കുറച്ച് ദിവസത്തിനുള്ളിൽ ഡിസിജിഐയിൽ നിന്ന് അന്തിമ അനുമതി ലഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സൈകൊവ്-ഡി വാക്‌സിൻ
ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎൻഎ വാക്സിനാണ് സൈക്കോവ്-ഡി. ഇത് മൂന്ന് ഡോസ് വാക്സിനാണ്. വൈറസിന്‍റെ ഡിഎൻഎ കണ്ടെത്തി ആന്‍റിബോഡി ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
Also read: സൈകൊവ്-ഡിയുടെ അടിയന്തര ഉപയോഗ അനുമതി തേടി സൈഡസ് കാഡില
വാക്സിന്‍റെ മൂന്നാം ഘട്ട ട്രയലിൽ 28,000 സന്നദ്ധരായ ആളുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ പോൾ അഭിപ്രായപ്പെട്ടിരുന്നു.
ബയോടെക്നോളജി വകുപ്പിന്‍റെ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്‍റെ ഭാഗമായി ദേശീയ ബയോഫാർമ മിഷന്‍റെ പിന്തുണയോടെയാണ് സൈഡസ് കാഡില സൈകൊവ്-ഡി വാക്‌സിൻ വികസിപ്പിക്കുന്നത്.
ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ്, റഷ്യയുടെ സ്പുട്നിക്-വി എന്നിവയ്ക്കാണ് നിലവില്‍ രാജ്യത്ത് ഉപയോഗാനുമതി ഉള്ളത്.