മണ്ണിലും വിണ്ണിലും ഉയരുന്ന തക്‌ബീറിന്‍റെ മന്ത്ര ധ്വനികൾ. പ്രാര്‍ഥന നിര്‍ഭരമായ പുണ്യരാവുകൾ. വിശുദ്ധ റമദാൻ വിട പറഞ്ഞയുമ്പോൾ പ്രതീക്ഷയുടെ കിരണവുമായി ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ സമാഗതമായിരിക്കുകയാണ്.
മനസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച മുപ്പത് ദിനങ്ങൾക്ക് ശേഷം വിശ്വാസികൾ ഈദുൽ ഫിത്വറിന്‍റെ ആഘോഷങ്ങളിലേക്ക് കടക്കുന്നു. ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന്‍റെ വിജയകരമായ വിളംബരം കൂടിയാണ് പെരുന്നാൾ ആഘോഷം. ശാരീരിക ഇച്ഛകളെ അതിജീവിച്ച്, വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപ്പിച്ചവർക്ക് സന്തോഷിക്കാനുള്ള അവസരവും.
ഒരു മാസം മുഴുവന്‍ നീണ്ടു നിന്ന വ്രതത്തിന്‍റെ പരിസമാപ്‌തിയില്‍ റമദാന്‍ മാസത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത ചൈതന്യം അടുത്ത പതിനൊന്ന് മാസവും നിലനിര്‍ത്തുകയാണ് ഓരോ വിശ്വാസിയുടെയും ഇനിയുള്ള ബാധ്യത. ആവർത്തിക്കപ്പെടുന്നത് എന്നർത്ഥം വരുന്ന ഈദ് ആഘോഷം പകർന്നുനൽകുന്നത് സ്നേഹവും സഹിഷ്‌ണുതയും ആണ്. വിശ്വാസിയുടെ ആഘോഷങ്ങളിലൂടെ മഹത്തായൊരു സംസ്‌കാരം കൂടിയാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്.
അനുഷ്‌ഠാനങ്ങളുടെ ഭാഗമായാണ് ഓരോ ആഘോഷങ്ങളും ക്രമീകരിക്കുന്നത്. വിശുദ്ധ റമദാനിൽ നേടിയെടുത്ത നന്മകൾ കാത്ത് സൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഒരോ വിശ്വാസിയും ഈദ് ആഘോഷം പൂർത്തിയാക്കുന്നത്. മനസിനും നാവിനും ബലപ്പെടുത്തിയെടുത്ത ആത്മീയ സംസ്‌കരണം ജീവിതത്തിലും നിലനിര്‍ത്തുക എന്നതിലാണ് ഓരോ ഇസ്‌ലാംമത വിശ്വാസിയും ഇനി ശ്രദ്ധിക്കുക.
കൊവിഡിന് ശേഷമുള്ള പെരുന്നാൾ ഓരോ ഇസ്‌ലാം മതവിശ്വാസിയും പ്രതീക്ഷയോടെയാണ് എതിരേൽക്കുന്നത്. പെരുന്നാൾ ആഘോഷങ്ങൾ പൊലിപ്പിക്കുന്നതിനായി വിപണിയും നാടും നഗരവുമൊക്കെ ദിവസങ്ങൾക്ക് മുൻപേ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷത്തോടൊപ്പം കൊവിഡിൽ നിന്ന് പൂർണമായും മോചനം നേടുന്ന നല്ല നാളേയ്‌ക്കായുള്ള പ്രാർഥനയിലുമാണ് വിശ്വാസികൾ.
എല്ലാ വിശ്വാസികള്‍ക്കും ഇടിവി ഭാരതിന്‍റെ ചെറിയ പെരുന്നാള്‍ സന്തോഷങ്ങള്‍...