ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ വ്യാഴാഴ്‌ച റിക്‌ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു (Earthquake In Uttarakhand).
ഇന്നലെ പുലർച്ചെ 3:49 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ഭൂകമ്പത്തിന്‍റെ ആഴം 5 കിലോമീറ്ററിൽ രേഖപ്പെടുത്തിയതായും എൻസിഎസ് അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലമാണിത്.
ഡൽഹിയെ വിറപ്പിച്ച് ഭൂചലനം: നേപ്പാളിലുണ്ടായ നാല് ഭൂചലനങ്ങളില്‍ വിറച്ച് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് 2.25നാണ് നേപ്പാളില്‍ ആദ്യ ഭൂചലനമുണ്ടായത് (Earthquake Tremors Felt In Delhi NCR).
റിക്‌ടർ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാൾ ആണെന്ന് ദേശീയ ഭൂചലന പഠന കേന്ദ്രം അറിയിച്ചിരുന്നു. പിന്നീട് 2.51 നാണ് ഡല്‍ഹി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളെ വിറപ്പിച്ച ഭൂചലനമുണ്ടായത്.
റിക്‌ടർ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകളും ഓഫിസുകളും വിട്ട് പുറത്തേക്കോടുകയായിരുന്നു. ആളുകൾ പരിഭ്രാന്തരാകരുതെന്ന് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഡല്‍ഹി-എൻസിആർ മേഖലയില്‍ വലിയ ആശങ്കയും ഭീതിയുമാണ് ഭൂചലനം മൂലം സൃഷ്‌ടിച്ചത്.
അതിനു ശേഷം വീണ്ടും 3.6, 3.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ കൂടി ഉണ്ടായി. അടിയന്തര സാഹചര്യമുണ്ടായാല്‍ 112 എന്ന നമ്പറില്‍ വിളിക്കാനും ആരും പരിഭ്രാന്തരാകേണ്ടെന്നും ഡല്‍ഹി പൊലീസ് എക്‌സില്‍ അറിയിച്ചിരുന്നു.
ചണ്ഡിഗഡ്, ജയ്‌പൂർ, ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം ലോകത്തെ ഏറ്റവും വലിയ ഭൂകമ്പ പ്രഭവ കേന്ദ്രങ്ങളിലൊന്നായ നേപ്പാളില്‍ വീണ്ടും ഭൂചലനമുണ്ടായത് ഡല്‍ഹിയെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 2015 ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ എണ്ണായിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
സമാനസംഭവം മേഘാലയിലും: അതേസമയം മേഘാലയയിലും സമീപ സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി. ഒക്‌ടോബര്‍ 2 ന് വൈകിട്ട് 6.15 നാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരുന്നു (Earthquake In Meghalaya).
മേഘാലയെ കൂടാതെ അസമിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. നോര്‍ത്ത് ഗാരോ ഹില്‍സില്‍ 10 കിലോമീറ്റര്‍ താഴ്‌ചയിലാണ് ഭൂചലനം സംഭവിച്ചത്.
ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം റെസുബെല്‍പാറയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ്. അതേസമയം ഭൂചലനത്തെ തുടർന്ന് ജീവഹാനിയോ വസ്‌തുവകകള്‍ക്ക് നാശനഷ്‌ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്തിടെയായി ഇടയ്‌ക്കിടെ ഭൂചലനങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.