സോനിപത് (ഹരിയാന): മദ്യലഹരിയില്‍ സുഹൃത്തിനെ ട്രെയിനിനുമുമ്പില്‍ തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. ഹരിയാനയിലെ സോനിപത്തിലാണ് നടുക്കുന്ന സംഭവം. ജത്വാര ഗ്രാമത്തില്‍ താമസിക്കുന്ന മനു ആണ് സുഹൃത്ത് മുകേഷിനെ ട്രെയിനിന് മുമ്പില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
കൃത്യം നടത്തിയ ശേഷം മനു സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ദൃക്സാക്ഷികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. മുകേഷും മനുവും ഒന്നാമന്റെ സഹോദരിയുടെ വീട്ടിലെത്തി അത്താഴം കഴിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു.
മദ്യ ലഹരിയില്‍ ആയിരുന്ന ഇരുവരും ആര് ആദ്യം മരിക്കുമെന്ന് വാതുവയ്പ്പ് നടത്തി റെയില്‍വേ ട്രാക്കിലേക്ക് പോയതായി ദൃക്സാക്ഷികളായ കുൽദീപും ദീപക്കും പൊലീസിന് മൊഴി നല്കി. ട്രെയിന്‍ എത്തിയതോടെ മനു മുകേഷിനെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. മുകേഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.
മൃതദേഹം സോനിപത്തിലെ സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നഗരത്തില്‍ പുതപ്പ് വില്പനയായിരുന്നു മനുവിന്റെയും മുകേഷിന്റെയും തൊഴില്‍.