ലഖ്‌നൗ: മദ്യലഹരിയില്‍ നവജാത ശിശുവിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ പാര സ്വദേശി സൗരഭാണ് അറസ്റ്റിലായത്. മൂന്ന് മാസം പ്രായമുള്ള പാലക്ക് എന്ന പെണ്‍ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്‌ച (നവംബര്‍ 27) രാത്രി 10 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
കുഞ്ഞിന്‍റെ അമ്മ മംമ്‌ത നല്‍കിയ പരാതിയിലാണ് പിതാവ് സൗരഭിനെതിരെ പൊലീസ് കേസെടുത്തത്. ഹർദോയ ഖുഷൽഗഞ്ചിലെ രസ്‌തോഗി ഗസ്റ്റ് ഹൗസിലെ സുരക്ഷ ജീവനക്കാരനാണ് സൗരഭ്. രാത്രിയില്‍ ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ സൗരഭിനെ ഭാര്യ വഴക്ക് പറഞ്ഞു. ഇതോടെ പ്രകോപിതനായ ഇയാള്‍ മംമ്‌തയെ മര്‍ദിച്ചു. ആക്രമണത്തില്‍ ഭാര്യയുടെ കൈയ്‌ക്ക് പരിക്കേറ്റു.
മര്‍ദനത്തിന് പിന്നാലെ മംമ്‌ത നിലത്ത് വീണതോടെ ഇയാള്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്ത് നിലത്തേക്ക് എറിഞ്ഞു. ഗുരുതര പരിക്കേറ്റ കുഞ്ഞ് മരിച്ചു. നിലത്ത് വീണ കുഞ്ഞിനെ മംമ്‌ത എടുത്തതോടെ ഇരുവരെയും സൗരഭ് മുറിയില്‍ പൂട്ടിയിട്ടു.
മുറിക്കുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹവുമായി അമ്മ: ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ കൈയ്‌ക്ക് പരിക്കേറ്റ മംമ്‌ത മുറിക്കുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹം മടിയില്‍ വച്ച് മണിക്കൂറുകളോളം ഇരുന്നു. മദ്യ ലഹരിയിലായ ഭര്‍ത്താവ് ഉറങ്ങുന്നത് വരെ മുറിക്കുള്ളില്‍ യുവതി കാത്തിരുന്നു. ഭര്‍ത്താവ് ഉറങ്ങിയെന്ന് മനസിലാക്കിയ മംമ്‌ത അയല്‍വാസികളുടെ സഹായത്തോടെ പുറത്ത് കടക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് രക്ഷപ്പെട്ട മംമ്‌ത കുഞ്ഞിന്‍റെ മൃതദേഹവുമായി അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തുടര്‍ന്ന് മംമ്‌ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്‌തു. ആക്രമണം, മനപൂര്‍വ്വമല്ലാത്ത നരഹത്യ, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സൗരഭിനെതിരെ കേസെടുത്തിരിക്കുന്നത്.
എന്‍റെ ജീവിതം തകര്‍ന്നു: രണ്ട് വര്‍ഷം മുമ്പാണ് സിതാപൂര്‍ സ്വദേശിയായ മംമ്‌ത സൗരഭിനെ വിവാഹം ചെയ്‌തത്. ഇരുവരും തമ്മിലുണ്ടായ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സൗരഭ് രസ്‌തോഗി ഗസ്റ്റ് ഹൗസിലെ സുരക്ഷ ജീവനക്കാരാനായി ജോലി ചെയ്‌ത് വരികയാണ്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും മകള്‍ ജനിച്ചതോടെ പഠിപ്പിച്ച് ഡോക്‌ടറാക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ തന്‍റെ ജീവിതം സൗരഭ് നശിപ്പിച്ചെന്നും മംമ്‌ത പറഞ്ഞു.
also read: യുവാവിനെ കൊന്ന് 400 കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി ; പ്രതികളായ അച്ഛനും മകനും പിടിയില്‍