ന്യൂഡൽഹി: ട്രെയിൻ റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പുറപ്പെടുന്നത് വൈകിപ്പിക്കാൻ മദ്യലഹരിയിൽ വ്യാജ ബോബ് ഭീഷണി ആരോപിച്ച വ്യോമസേന ഉദ്യോഗസ്ഥൻ പൊലീസ് കസ്‌റ്റഡിയിൽ. മുംബൈ രാജധാനി എക്‌സ്പ്രസിലാണ് ബോംബ് വച്ചിട്ടുള്ളതായി വ്യാജ സന്ദേശം അയച്ചത്. സംഭവത്തിൽ ഇന്ത്യൻ എയർഫോഴ്‌സിലെ സർജന്‍റായ സുനിൽ സാങ്‌വാനെയാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ശനിയാഴ്‌ച വൈകിട്ട് 4.55 ന് ട്രെയിൻ പുറപ്പെടാനിരിക്കെ 4.48 ന് റെയിൽവെ പൊലീസ് കൺട്രോൾ റൂമിലേയ്‌ക്ക് ബോബ് ഭീഷണി ആരോപിച്ചുകൊണ്ടുള്ള ഫോൺ കോൾ വരികയായിരുന്നു. ശേഷം റെയിൽവേ ബോബ് ഡിസ്‌പോസൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തി. എന്നാൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് സന്ദേശം വ്യാജമാണെന്ന് മനസിലാക്കിയ പൊലീസ് മൊബൈൽ നമ്പർ ട്രാക്ക് ചെയ്യുകയായിരുന്നുവെന്ന് റെയിൽവേ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരീഷ് എച്ച്‌പി അറിയിച്ചു. മുംബൈയിലെ സാന്താക്രൂസിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന സുനിൽ സാങ്‌വാൻ ജോലി സ്ഥലത്തേക്ക് പോകാനാണ് ട്രെയിനിൽ കയറാൻ തീരുമാനിച്ചത്. വൈകിയെത്തിയ അദ്ദേഹം ഡൽഹിയിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ സന്ദേശം നല്‍കുകയായിരുന്നു.
ഫോൺ നമ്പർ ട്രാക്ക് ചെയ്‌തതിൽ നിന്ന് വ്യാജ സന്ദേശം നല്‍കിയയാൾ ട്രെയിനിനകത്ത് തന്നെ ഉണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇന്ത്യൻ എയർഫോഴ്‌സ് ഐഡി കാർഡ് വഴിയാണ് ഇയാളുടെ ഐഡന്‍റിറ്റി കണ്ടെത്തിയത്. പിസിആർ കോൾ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഹാൻഡ്‌സെറ്റും കണ്ടെടുത്തതായി ഡിസിപി പറഞ്ഞു.