ന്യൂഡൽഹി : ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) കൊവിഡ് രോഗികളെ ചികിത്സിക്കാനായി വികസിപ്പിച്ച 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) മരുന്നിന്‍റെ വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. 10,000 ഡോസുകളാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുന്നത്. ഡോ. അനന്ത് നാരായൺ ഭട്ട് ഉൾപ്പെട്ട ഡിആർഡിഒ ശാസ്ത്രജ്ഞരുടെ സംഘമാണ് മരുന്ന് വികസിപ്പിച്ചത്. ഉത്പാദനം വർധി പ്പിക്കുന്നതിനായി നിർമാതാക്കൾ പ്രവർത്തിച്ചുവരികയാണെന്നും ഡിആർഡിഒ അധികൃതർ അറിയിച്ചു.
കൂടുതൽ വായനയ്ക്ക് : ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിന് അടിയന്തര അനുമതി
ഡിആർഡിഒ വികസിപ്പിച്ച 2-ഡിജി മരുന്ന് ശാസ്ത്രലോകത്ത് വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. ഇത് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ശക്തിപകരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെ വേഗത്തിൽ വീണ്ടെടുക്കുന്നതിനും ഓക്സിജൻ ആശ്രിതത്വം കുറയ്ക്കുന്നതിനും മരുന്ന് സഹായിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
അതേസമയം പിഎം-കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് 322.5 കോടി രൂപയ്ക്ക് 1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സിസ്റ്റം വാങ്ങും. ഈ സംവിധാനം ഓക്സിജൻ ഒഴുക്കിന്‍റെ പതിവ് അളവെടുപ്പും സ്വമേധയാലുള്ള ക്രമീകരണങ്ങളും ഒഴിവാക്കുന്നതാണ്. രോഗികളിലെ നിരക്കിനെ അടിസ്ഥാനമാക്കി ഓക്സിജൻ നൽകുന്നത് ക്രമീകരിക്കാനായി ഡിആർഡിഒ വികസിപ്പിച്ച സമഗ്ര സംവിധാനമാണിത്.
വെള്ളിയാഴ്ച കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ബെംഗളൂരുവിലെ ഡിആർഡിഒ ക്യാംപസ് സന്ദർശിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിൽ നിർണായക പങ്ക് വഹിക്കാന്‍ പോകുന്ന 2ഡിജി മരുന്നിനെക്കുറിച്ച് ഡിആർഡിഒ ശാസ്ത്രജ്ഞർ മന്ത്രിയോട് വിശദീകരിച്ചു.