ബംഗളൂരു: ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് അഞ്ചാം തലമുറ എയർ-ടു-എയർ മിസൈലായ പൈത്തൺ -5വു മായി പരീക്ഷണ പറക്കൽ നടത്തി.
തേജസിൽ ഇതിനകം സംയോജിപ്പിച്ച ഡെർബി ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എഎഎമ്മിന്‍റെ ശേഷി പരിശോധിക്കല്‍ കൂടിയാണ് പരീക്ഷണങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന് ഡിആർഡിഒ അറിയിച്ചു. ഡെർബി മിസൈൽ അതിവേഗ വ്യോമാക്രമണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . പൈത്തൺ മിസൈലുകളും 100 ശതമാനം ഹിറ്റുകൾ നേടി. അതിനാൽ അവയുടെ ശേഷി പൂർണമായും തെളിയിക്കപ്പെട്ടതായും വിജയകരമായ പരീക്ഷണങ്ങളിലൂടെ ലക്ഷ്യങ്ങള്‍ പൂർത്തീകരിച്ചുവെന്നും ഡിആർഡിഒ പ്രസ്താവനയിൽ പറഞ്ഞു.
പരീക്ഷണങ്ങൾക്ക് മുന്നോടിയായി തേജസിലെ വിമാന സംവിധാനങ്ങളായ ഏവിയോണിക്സ്, ഫയർ കൺട്രോൾ റഡാർ, എന്നിവയുമായി മിസൈലിന്‍റെ സംയോജനം വിലയിരുത്തുന്നതിന് വിപുലമായ മിസൈൽ കാരേജ് ഫ്ലൈറ്റ് ടെസ്റ്റുകൾ ബംഗളൂരുവിൽ നടത്തിയിരുന്നു.
എ.ഡി.എ, എച്ച്.എൽ-ആർ.ഡി.സി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ വിജയമെന്ന് ഡിആർഡിഒ പറഞ്ഞു. ഡിആർഡിഒ, എഡിഎ, ഇന്ത്യൻ വ്യോമസേന, എച്ച്എഎൽ, തുടങ്ങി പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.