ലോക്ക്ഡൗൺ ഭയന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങരുതെന്നും സർക്കാർ സംരക്ഷിച്ചുകൊള്ളുമെന്നും അതിഥി തൊഴിലാളികളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതൊരു ചെറിയ ലോക്ക്ഡൗൺ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് മാർഗങ്ങൾ ഇല്ലാതായപ്പോഴാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇത് കൊവിഡ് വ്യാപനം ഇല്ലാതാക്കുമെന്ന് കരുതുന്നുവെന്നും കെജ്‌രിവാൾ പറഞ്ഞു.
ലോക്ക്ഡൗൺ കാലയളവിൽ കൂടുതൽ ആശുപത്രി കിടക്കകൾ സംഘടിപ്പിക്കും, ഡൽഹിയിൽ പരിശോധനകളുടെ എണ്ണം കുറക്കുന്നില്ല. വലിയ തോതിലുള്ള പരിശോധന നടക്കുന്നുണ്ട്. 100ൽ താഴെ ഐസിയു കിടക്കകൾ മാത്രമാണ് ഡൽഹിയിൽ ഇനി അവശേഷിക്കുന്നത്. ഓക്സിജന്‍റെയും കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നിന്‍റെയും ദൗർലഭ്യം നേരിടുന്നുണ്ട്. ഗുരുതരമായ അവസ്ഥയെക്കുറിച്ച് ആളുകൾ ബോധവാന്മാരായിരിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Read More: ഡൽഹിയിൽ ഇന്ന് രാത്രി മുതല്‍ ലോക്ക് ഡൗണ്‍
കൊവിഡിന്‍റെ നാലാം തരംഗമാണ് ഡൽഹി ഇപ്പോൾ അഭിമുഖീകരിക്കുന്നത്, ദിനംപ്രതി 25,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയുടെ ആരോഗ്യ സംവിധാനം അതിന്‍റെ പരമാവധിയിലെത്തിയിരിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ന് രാത്രി 10 മുതല്‍ ഏപ്രില്‍ 26 വരെയാണ് ഡൽഹിയിൽ ലോക്ക്ഡൗണ്‍.