ധുലേ: മഹാരാഷ്‌ട്രയില്‍ അമ്പതുകാരന്‍റെ മൂത്രനാളിയില്‍ നിന്ന് ഒരു കിലോ ഭാരമുള്ള കല്ല് നീക്കം ചെയ്‌തു. ഒരു മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയക്കൊടുവിലാണ് കല്ല് നീക്കം ചെയ്‌തത്. ധുലേയിലെ പ്രമുഖ യൂറോളജിസ്റ്റായ ഡോ. ആശിഷ് പാട്ടീലാണ് ശസ്‌ത്രക്രിയ നടത്തിയത്.
കര്‍ഷകനായ നന്തുര്‍ബാര്‍ പട്ടോലി സ്വദേശി രാമന്‍ ചൗരെയുടെ വയറ്റില്‍ നിന്നാണ് കല്ല് നീക്കം ചെയ്‌തത്. ഏറെ നാളായി കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പല ഡോക്‌ടര്‍മാരെയും രാമന്‍ ചൗരെ കണ്ടിരുന്നു. ഫലം കാണാത്തതിനെ തുടര്‍ന്ന് രാമന്‍ ചൗരെ ഡോക്‌ടര്‍ ആശിഷ് പാട്ടീലിന്‍റെ അടുത്ത് ചികിത്സ തേടിയെത്തുകയായിരുന്നു.
രാജ്യത്ത് ഒരു രോഗിയുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുന്ന ഏറ്റവും വലിയ കല്ലാണിതെന്ന് ഡോക്‌ടര്‍ ആശിഷ് പാട്ടീല്‍ അവകാശവാദം ഉന്നയിച്ചു. ഇന്ത്യ ബുക്ക്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയില്‍ ശസ്‌ത്രക്രിയ ഇടംപിടിച്ചിട്ടുണ്ട്. രാമന്‍ ചൗരെയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍ വ്യക്തമാക്കി.