തിരുവനന്തപുരം: റഷ്യൻ ആക്രമണം കണക്കിലെടുത്ത് പോളണ്ട്, സ്ലൊവാക്യ അതിർത്തികളിൽ പ്രവേശനം നിഷേധിക്കുന്നതായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാർ. ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് അതിർത്തി കടക്കാനാകാതെ അകപ്പെട്ടത്. കിലോമീറ്ററുകൾ സഞ്ചരിച്ച് അതിർത്തികളിലെത്തി, മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിന്ന ശേഷം നിരാശരായി മടങ്ങേണ്ടി വരുന്ന തങ്ങളുടെ സ്ഥിതി അധികൃതരിലേക്കെത്തിക്കാൻ പലരും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു.
വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ നിസഹായരായ ഒരു വിഭാഗം ജനതയുടെ അവസ്ഥ ദേശീയ തലത്തിൽ ചർച്ചയ്‌ക്ക് വഴി വച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിലും മുഖ്യമന്ത്രി വിഷയം ഉന്നയിച്ചു. പ്രശ്‌നം കൈകാര്യം ചെയ്യാൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുണ്ടെന്ന് വിദേശകാര്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഇതിന് ശേഷവും തങ്ങളെ കടത്തിവിടുന്നില്ലെന്ന്, മണിക്കൂറുകളോളം സ്ലൊവാക്യ അതിർത്തിയിൽ കുടുങ്ങിക്കിടന്ന ഒരു കൂട്ടം വിദ്യാർഥികൾ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യൻ പൗരൻമാരെ അതിർത്തി കടക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു അറിയിപ്പും ലഭിക്കാത്തതിനാൽ ഇന്ത്യക്കാരെ അതിർത്തിയിലെ ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കുന്നുവെന്നും യുക്രൈൻ സ്‌ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകുന്നുവെന്നും അവർ പരാതിപ്പെട്ടു.
ALSO READ:ഒടുവിൽ വഴങ്ങി യുക്രൈൻ; ബലാറൂസിൽ ചർച്ചക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി
കഴിഞ്ഞ ദിവസം പോളണ്ട് അതിർത്തിയിൽ ഇന്ത്യൻ വിദ്യാർഥികളെ യുക്രൈൻ സൈനിക ഉദ്യോഗസ്ഥർ ആക്രമിക്കുന്നതിന്‍റെയും അതിർത്തി തടയുന്നതിന്‍റെയും ദൃശ്യങ്ങൾ ഒരു വിദ്യാർത്ഥി പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ പലരും പിന്നീട് തങ്ങളുടെ സ്ഥിതി അറിയിച്ചുകൊണ്ട് വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി.
അതിനിടെ മാൾഡോവ അതിർത്തി വഴി റൊമാനിയയിലേക്ക് കടക്കാൻ ഇന്ത്യൻ മിഷന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ 250ഓളം വിദ്യാർഥികളുടെ അഭ്യർഥന ശ്രദ്ധയിൽപ്പെടുത്തി, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും വിദേശകാര്യ മന്ത്രിയ്ക്ക് കത്തെഴുതി.
അതേസമയം അതിർത്തി പ്രശ്‌നങ്ങൾ സംബന്ധിച്ച് യുക്രൈൻ അംബാസഡറുമായി ചർച്ച നടത്തിയതായും വിഷയം യുക്രൈൻ ഇമിഗ്രേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ല വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരരെ നാട്ടിലെത്തിക്കാൻ വേണ്ട എല്ലാ സഹായവും നൽകാനും അവരെ എത്രയും വേഗം ഒഴിപ്പിക്കാനും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.