ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപം പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെ പുറത്തല്ല മറിച്ച് കൃത്യമായി ആസൂത്രണം ചെയ്‌തതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ഡല്‍ഹി ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ചെയ്‌തതിന് ഡല്‍ഹി പൊലീസ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്‌ത മൊഹദ് ഇബ്രാഹിം എന്നയാളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
'ഗൂഢാലോചന നടന്നിട്ടുണ്ട്'
സിസിടിവി ക്യാമറകള്‍ കൃത്യമായി വിച്ഛേദിച്ചതും നശിപ്പിച്ചതും നഗരത്തിലെ ക്രമസമാധാനം തകർക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് സ്ഥിരീകരിക്കുന്നു. കലാപകാരികൾ വടി, ദണ്ഡുകൾ, ബാറ്റുകള്‍ തുടങ്ങിയവ ഉപയോഗിച്ച് എണ്ണത്തില്‍ കുറവുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നിഷ്‌കരുണം പ്രയോഗിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
മൊഹദ് ഇബ്രാഹിമിന്‍റെ കൈവശം ആയുധം ഉണ്ടായിരുന്നെങ്കിലും കുടുംബത്തിന്‍റേയും സ്വയം രക്ഷയുടേയും ഭാഗമായിട്ടായിരുന്നുവെന്നും ഹെഡ് കോണ്‍സ്‌റ്റബിള്‍ രത്തന്‍ ലാലിന്‍റെ മരണത്തിന് ഇത് കാരണമായില്ലെന്നും ഇബ്രാഹിമിന്‍റെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഹര്‍ജിക്കാരന്‍ ഉണ്ടായിരുന്നില്ലെങ്കിലും ആയുധവുമായി താമസസ്ഥലത്ത് നിന്ന് 1.6 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നത് അക്രമത്തിന് പ്രേരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്ന് തെളിയിക്കുന്നുവെന്നും കോടതി പറഞ്ഞു.
മൊഹദ് ഇബ്രാഹിം ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരുടെ ജാമ്യഹര്‍ജി തള്ളിയ കോടതി മറ്റ് എട്ട് പേരെ വിട്ടയച്ചു.
Also read: ഡല്‍ഹി കലാപം : രണ്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്