ന്യൂഡൽഹി: ചെങ്കോട്ട സംഘര്‍ഷത്തിലെ പ്രതി മനീന്ദർ സിംഗ് പിടിയിൽ. ഡല്‍ഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അക്രമത്തിന് നേതൃത്വം നൽകിയ മനീന്ദർ സിംഗ് ഒളിവിലായിരുന്നു. സ്വരൂപ് നഗറിലെ വീട്ടിൽ നിന്ന് 4.3 അടിയുള്ള രണ്ട് വാളുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ജനുവരി 26 ന് ചെങ്കോട്ടയിൽ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളിൽ മനീന്ദർ സിംഗ് വാളുമായി നിൽക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ പഞ്ചാബി താരം ദീപ് സിദ്ധുവിന്‍റെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേക്ക് കൂടി കോടതി നീട്ടിയിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.