ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ക്ഷാമത്തിൽ ആശങ്ക അറിയിച്ച് ഡൽഹി ഹൈക്കോടതി. വാക്‌സിൻ ക്ഷാമം ദുരിതത്തിലാക്കുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ജസ്റ്റിസുമാരായ മൻമോഹൻ, നജ്‌മി വാസിരി എന്നിവർ അറിയിച്ചു. വാക്‌സിൻ നിർമാണത്തിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂവെന്നും കോടതി അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ പനേഷ്യ ബയോടെക് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
READ MORE:സ്‌പുട്‌നിക് വി വാക്‌സിൻ ഇന്ത്യയിൽ നിർമിക്കാന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി
കൂടാതെ റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക് വി വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പനാസിയ ബയോടെക്കിന് 14 കോടി രൂപ അനുവദിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകി. വിറ്റുവരവിന്‍റെ 20 ശതമാനം ഹൈക്കോടതി രജിസ്‌ട്രിക്ക് കൈമാറണമെന്ന് പനാസിയ ബയോടെക്കിനോട് കോടതി നിർദേശിച്ചു.
2020 ജൂലൈയിലെ കേന്ദ്ര സർക്കാർ ഉത്തരവ് അനുസരിച്ച് അടിയന്തരമായി വാക്‌സിൻ ഉത്പാദനത്തിനും ഗവേഷണത്തിനും പണം അനുവദിക്കണമെന്ന് വ്യക്തമാക്കിയിട്ടും പണം ലഭ്യമാക്കാത്തതിനെതിരെ മരുന്ന് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.