മുംബൈ: കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയിലുണ്ടായ വൈദ്യുതി മുടക്കത്തിന് പിന്നില്‍ സൈബര്‍ ആക്രമണമല്ലെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍കെ സിംഗ്. വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ അത് മനുഷികമായി സംഭവിച്ച പിഴവാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം മുംബൈയിലെ എസ്‌സിഎഡിഎ സംവിധാനത്തില്‍ സൈബര്‍ ആക്രമണം നടന്നിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് നമ്മുടെ ഓപ്പറേറ്റിങ് സംവിധാനത്തില്‍ കടക്കാന്‍ സാധിച്ചിട്ടില്ല. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനയാണോ പാകിസ്ഥാനാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതിന് വേണ്ട തെളിവുകളും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം മുംബൈ വൈദ്യുതി മുടക്കത്തിന് പിന്നില്‍ സൈബര്‍ ആക്രമണമല്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു.
കൂടുതല്‍ വായനയ്‌ക്ക്; മുംബൈ ഇരുട്ടിലായ പവര്‍കട്ടിന് പിന്നില്‍ ചൈനീസ് അട്ടിമറിയെന്ന് റിപ്പോര്‍ട്ട്; സൈബര്‍ വിഭാഗത്തോട് വിശദീകരണം തേടി സര്‍ക്കാര്‍
എന്നാല്‍ സൈബര്‍ ആക്രമണം മുംബൈയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യം മുഴുവന്‍ ഒരുപക്ഷേ വ്യാപിച്ചേക്കാമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് പറഞ്ഞു. വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വൈദ്യുതി മുടക്കത്തിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണമാണെന്നുള്ള വിദേശ മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സൈബര്‍ വിഭാഗത്തോട് വിശദീകരണം തേടിയിരുന്നു.