ന്യൂഡല്‍ഹി: കേരളത്തെകുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ വിവാദ പ്രസ്താവന മറ്റ് നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം എംപി ജോണ്‍ബ്രിട്ടാസ് രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ചട്ടം 267 അനുസരിച്ചുള്ള നോട്ടീസാണ് നല്‍കിയത്. വോട്ടര്‍മാര്‍ 'അബദ്ധം' കാണിച്ചാല്‍ യുപി കേരളമോ, ബംഗാളോ, ജമ്മുകശ്മീരോ ആയി മാറുമെന്ന പ്രസ്താവനെയാണ് യോഗി ആദിത്യ നാഥ് നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷകാലം തന്‍റെ സര്‍ക്കാര്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് യുപിയില്‍ നടത്തിയത്. നിങ്ങള്‍ ഈ അവസരം നഷ്ടപ്പെടുത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷകാലത്തെ കഠിനാധ്വാനം പാഴാവും. യുപി വൈകാതെ തന്നെ കേരളമോ, ബംഗാളോ, ജമ്മുകശ്മീരോ ആയി മാറുമെന്നാണ് യുപി നിയമസഭ തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയില്‍ യോഗി ആദിത്യനാഥ് പറഞ്ഞത്.
യോഗിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നത്. യുപി കേരളമാകുകയാണെങ്കില്‍ ജനങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളുമാണ് ലഭിക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടിയായി ഹിന്ദിയിലും ഇംഗ്ലീഷിലും ട്വിറ്ററില്‍ കുറിച്ചു. യുപി കേരളമാവുകയാണെങ്കില്‍ ജാതിയുടെയും മതത്തിന്‍റേയും പേരില്‍ ആളുകള്‍ കൊല്ലപ്പെടില്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. ബിജെപി നേതാക്കള്‍ ഒഴിച്ചുള്ള കേരളത്തില്‍ നിന്നുള്ള രാഷട്രീയ നേതാക്കള്‍ യോഗി ആദിത്യ നാഥിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ചു.
ALSO READ:'ഞാനെന്തിന് അദ്ദേഹത്തെ കേള്‍ക്കണം', പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി