ഇംഫാൽ: മണിപ്പൂരിലെ കൊവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് ഇംഫാൽ വെസ്റ്റ് ജില്ല ഭരണകൂടം മെയ് എട്ട് മുതൽ 17 വരെ ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. എന്നിരുന്നാലും ജില്ലയിലെ എല്ലാ അവശ്യ സേവനങ്ങളെയും കൊവിഡ് പരിശോധന-വാക്സിനേഷൻ എന്നിവയെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also read: പ്രതിദിന കൊവിഡ് മരണ നിരക്ക് നാലായിരവും കടന്നു
വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും നടത്തുന്നതിനായി ജില്ല മജിസ്‌ട്രേറ്റിന് മുൻകൂട്ടി അപേക്ഷ നൽകണം. നേരത്തെ, ഗ്രേറ്റർ ഇംഫാലിലും ഇംഫാൽ മുനിസിപ്പൽ കൗൺസിലിന് കീഴിലുള്ള പ്രദേശങ്ങളിലും വാഹന സഞ്ചാരത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മണിപ്പൂരിൽ 3,506 സജീവ കൊവിഡ് കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 515 പുതിയ കൊവിഡ് കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.