ഹൈദരാബാദ്: പ്രസവ ശസ്‌ത്രക്രിയയ്‌ക്കിടെ ഡോക്‌ടർ വയറ്റിൽ പഞ്ഞി (Cotton) മറന്നുവച്ച് തുന്നിക്കെട്ടിയ യുവതിയ്‌ക്ക് ദാരുണാന്ത്യം. അച്ചംപേട്ട് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ദർശങ്ങാതണ്ട സ്വദേശിനിയായ രാമവത് റോജ (27) ആണ് ശസ്‌ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്‌ച (ഓഗസ്റ്റ് 22) രാത്രി തെലങ്കാനയിലെ നാഗർകർണൂലിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡോക്‌ടറുടെ അനാസ്ഥയാണ് യുവതിയുടെ മരണകാരണമെന്ന് കണ്ടെത്തിയതിനാല്‍ ശസ്‌ത്രക്രിയ നടത്തിയ ഡോ. കൃഷ്‌ണയെ സസ്പെൻഡ് ചെയ്‌തു.
സംഭവം ഇങ്ങനെ; ഈ മാസം 15-ാം തിയതിയാണ് ഗർഭിണിയായ രാമവത് റോജയെ പ്രസവത്തിനായി നാഗർകർണൂൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്‌ത്രക്രിയയിലൂടെ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് മൂന്ന് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ഡിസ്‌ചാർജായി വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയ യുവതിയ്‌ക്ക് ശാരീരിക അസ്വസ്ഥക അനുഭവപ്പെടുകയും ചെറിയ രീതിയിൽ രക്താസ്രാവവുമുണ്ടായി. കഴിഞ്ഞ ചൊവ്വാഴ്‌ച ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് യുവതിയെ വീണ്ടും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോ. കൃഷ്‌ണയുടെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്‌തു. വൈകുന്നേരം വരെ സ്വകാര്യ ആശുപത്രിയിൽ തുടർന്ന റോജയെ ഹൈദരബാദിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർ കൃഷ്‌ണ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഗുരുതരമായ അനാസ്ഥ വരുത്തിയ ഡോക്‌ടർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സർക്കാർ വിപ്പ് ഗുവ്വാല ബാലരാജു ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ ശാന്തമായത്.
റോജയുടെ ഭർത്താവ് റിക്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി എസ്ഐ ഗോവർദ്ധൻ പറഞ്ഞു. യുവതിയുടെ മരണത്തിന് കാരണക്കാരനായ സർക്കാർ ആശുപത്രി ഡോക്‌ടറായ കൃഷ്‌ണയെ സസ്പെൻഡ് ചെയ്‌തതായി സംസ്ഥാന മെഡിക്കൽ പോളിസി കമ്മീഷണർ ഡോ. അജയ് കുമാർ ഉത്തരവിറക്കി. ആരോഗ്യമന്ത്രി ഹരീഷ് റാവുവിന്‍റെ നിർദേശപ്രകാരം കമ്മിഷണർ ആശുപത്രിയിൽ പരിശോധനയും നടത്തി.
വയറ്റിൽ മറന്നുവച്ചത് കത്രിക, നീതി തേടി ഹർഷിന : 2017 നവംബർ 30നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് നടത്തിയ ശസ്‌ത്രക്രിയയിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ചായിരുന്നു ഹർഷിനയുടെ മൂന്നാമത്തെ പ്രസവം നടന്നത്. പ്രസവ ശസ്ത്രക്രിയയ്‌ക്കിടയിൽ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷം ആശുപത്രയിലെ രണ്ട് ഡോക്‌ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം.
ALSO READ : യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവം; ഡോക്ടര്‍മാരുടെ വാദം പൊളിയുന്നു - ദൃശ്യം പുറത്ത്