മൈസൂര്‍: കോണ്‍വെന്‍റില്‍ ലൈംഗിക പീഡനം നടക്കുന്നതായി ആരോപിച്ച് കന്യാസ്ത്രീ. മൈസൂര്‍ മേഴ്സി കോണ്‍വെന്‍റിലെ അന്തേവാസിയായ സിസ്റ്റര്‍ വില്‍സേനയാണ് സഹപ്രവര്‍ത്തകരുടെ പീഡനത്തിനെതിരെ രംഗത്ത് വന്നത്. തനിക്കെതിരെ ലൈംഗിക അതിക്രമവും, കൊലപാതക ശ്രമവും, ശാരീരിക ആക്രമണവും നടക്കുന്നതായി ഇവര്‍ വീഡിയോയില്‍ ആരോപിച്ചു. ആക്രമണ വിവരം സമൂഹത്തെ അറിയിക്കാനായാണ് വീഡിയോ പുറത്ത് വിടുന്നതെന്ന് ഇവര്‍ പറയുന്നു.
കോണ്‍വെന്‍റിലെ അതിക്രമങ്ങള്‍ പുറത്ത് പറഞ്ഞാല്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായും ഇവര്‍ വീഡിയോയിലൂടെ പറയുന്നു. "ഞാന്‍ ആത്മഹത്യ ചെയ്തെന്നോ, എന്നെ കാണാതായെന്നോ നിങ്ങള്‍ കേട്ടേക്കാം. എന്നാലത് സത്യമായിരിക്കില്ല. എനിക്ക് യാതൊരു ആരോഗ്യ പ്രശ്നവുമില്ല.
ഞാന്‍ ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനോ ഉദ്ദേശിക്കുന്നില്ല. ഇവിടെയുള്ളവര്‍ എന്നെ കൊന്ന് അത് ആത്മഹത്യയായി വരുത്തി തീര്‍ക്കും, എനിക്ക് കോണ്‍വെന്‍റില്‍ നേരിടുന്നത് കൊടിയ ലൈംഗിക, ശാരീരിക പീഡനമാണ്" സിസ്റ്റര്‍ വീഡിയോയില്‍ പറഞ്ഞു. തന്‍റെ സഹപ്രവര്‍ത്തകയായ ഒരു സിസ്റ്ററുടെ സഹായത്തോടെയാണ് കോണ്‍വെന്‍റ് മാനേജ്മെന്‍റ് എല്ലാ അസാന്മാര്‍ഗിക പ്രവര്‍ത്തികളും നടത്തുന്നത്.
ഇതിനെ കുറിച്ച് മനുഷ്യാവകാശ കമ്മിഷന് താന്‍ ഒരു കത്ത് എഴുതിയിരുന്നു. ഇതില്‍ പ്രകോപിതരായി മൂന്ന് പുരുഷന്‍മാര്‍ തന്നെ മാരകമായി ആക്രമിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചു. ഇക്കാര്യം കാണിച്ച് താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.