ഗൗരേല പേന്ദ്ര മർവാഹി: കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പരാമര്‍ശവുമായി ഛത്തീസ്‌ഗഡ് മുന്‍ ആരോഗ്യമന്ത്രി. മദ്യ ഉപയോഗം കാരണം സംസ്ഥാനത്ത് കൊലപാതക, ബലാത്സംഗ കേസുകള്‍ വർധിച്ചു. ഇക്കാരണത്താല്‍ സർക്കാർ മദ്യത്തിന് പകരം കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നാണ് നിലവില്‍ മസ്‌തൂരി എം.എൽ.എ കൂടിയായ ബി.ജെ.പി നേതാവ് കൃഷ്‌ണമൂർത്തി ബന്ധിയുടെ വിചിത്ര വാദം.
"മദ്യപാനം മൂലം ബലാത്സംഗവും കൊലപാതകവും വർധിച്ചിരിക്കുകയാണ്. എന്നാൽ, കഞ്ചാവ് ഉപയോഗിക്കുന്ന ഒരാൾ വഴക്കോ കൊലപാതകമോ ബലാത്സംഗമോ ചെയ്‌തതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?. ഈ കുറ്റകൃത്യങ്ങളെല്ലാം മദ്യപാനികള്‍ മാത്രമാണ് ചെയ്യുന്നത്", കൃഷ്‌ണമൂർത്തി ബന്ധി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അവകാശവാദമുയര്‍ത്തി.
കോൺഗ്രസ് പ്രകടന പത്രികയിൽ മദ്യനിരോധനം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത് നടപ്പിലാക്കുന്നതിൽ അവര്‍ പരാജയപ്പെട്ടു. അതിനാൽ, ഈ വിഷയത്തിൽ ജൂലൈ 27 ന് നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ താൻ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.