ഭോപ്പാൽ (മധ്യപ്രദേശ്): നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളെ വനത്തിലേക്ക് വിട്ടയക്കുന്നതിന് മുൻപ് അക്ലിമറ്റൈസേഷൻ എൻക്ലോഷറിലേക്ക് (പാരിസ്ഥിതിക മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനായുള്ള വലിയ ചുറ്റുപാട്) മാറ്റുമെന്ന് കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് അംഗം അറിയിച്ചു. ചീറ്റപ്പുലികളെ നിരീക്ഷിക്കാനും ക്വാറന്‍റൈൻ സോണുകളിൽ നിന്ന് അഞ്ച് ചതുരശ്ര കിലോമീറ്ററിലധികം വിസ്‌തൃതിയുള്ള വലിയ ചുറ്റുപാടിലേക്ക് മാറ്റുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി ടാസ്‌ക് ഫോഴ്‌സ് തിങ്കളാഴ്‌ച യോഗം ചേർന്നിരുന്നു.
ഇതിന് പിന്നാലെയാണ് ചീറ്റകളെ നവംബറിൽ എൻക്ലോഷറിലേക്ക് മാറ്റാൻ യോഗത്തിൽ തീരുമാനിച്ചതായി ടാസ്‌ക് ഫോഴ്‌സ് അംഗം വെളിപ്പെടുത്തിയത്. അക്ലിമറ്റൈസേഷൻ എൻക്ലോഷറിൽ ചീറ്റകളെ ഘട്ടംഘട്ടമായി വിട്ടയക്കുമെന്നും നീണ്ട ചർച്ചകൾക്ക് ശേഷമാണ് ടാസ്‌ക് ഫോഴ്‌സ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്‍റൈൻ സോണുകളിൽ പാർപ്പിച്ചിരിക്കുന്ന ചീറ്റപ്പുലികളെ മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള യോഗങ്ങൾ ഇതിന് മുൻപ് വരെ അനിശ്ചിതത്വത്തിലായിരുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച്, വന്യമൃഗങ്ങളെ മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിന് മുമ്പും ശേഷവും ഏതെങ്കിലും അണുബാധയുടെ വ്യാപനം പരിശോധിക്കാൻ ഒരു മാസത്തേക്ക് ക്വാറന്‍റൈനിൽ കഴിയണമെന്ന് വിദഗ്‌ധർ നിർദേശിച്ചിരുന്നു. അതനുസരിച്ച്, നിലവിൽ ക്വാറന്‍റൈനിൽ കഴിയുന്ന ചീറ്റകൾക്ക് പോത്തിന്‍റെ മാംസമാണ് നൽകി വരുന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കെഎൻപിയിലും മറ്റ് നിയുക്ത പ്രദേശങ്ങളിലും ചീറ്റപ്പുലികളെ നിരീക്ഷിക്കാൻ സെപ്റ്റംബർ 20ന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു.
കുനോ നാഷണൽ പാർക്കിലേക്കുള്ള എൻട്രി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 17നാണ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേയ്ക്ക് ചീറ്റകളെ തുറന്നുവിട്ടത്. ചീറ്റ സഹോദരങ്ങളായ ഫ്രെഡി, ആൾട്ടൺ, സഹോദരിമാരായ സവന്ന, സാഷ, ഒബാൻ, ആശ, സിബിലി, സൈസ എന്നിവരെയാണ് കുനോ നാഷണൽ പാർക്കിലെത്തിച്ചത്. 30 മുതൽ 66 മാസം വരെ പ്രായമുള്ള മൂന്ന് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളും രാജ്യത്തിന്‍റെ പ്രതീക്ഷകൾക്കും അപ്പുറമാണെന്ന് കുനോ നാഷണൽ പാർക്ക് അധികൃതർ പറയുന്നു.
ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 70 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇവയെ രാജ്യത്തേയ്ക്ക് എത്തിച്ചത്. 1947-ൽ ഇന്നത്തെ ഛത്തീസ്‌ഗഡിലെ കോറിയ ജില്ലയിൽ ഇന്ത്യയിലെ അവസാനത്തെ ചീറ്റയും ചത്തു. തുടർന്ന്, 1952-ൽ ഈ ഇനം വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
Also read: 'ചീറ്റകൾ ഫിറ്റ് ആൻഡ് ഫൈൻ' ; മൂന്ന് മാസത്തിനകം വനത്തില്‍ തുറന്നുവിടാൻ ആലോചന