ന്യൂഡല്‍ഹി: കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കര്‍ഷകരുടെ എല്ലാ ന്യായമായ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്നും ഇതിനായി മുതിര്‍ന്ന നേതാക്കള്‍ കര്‍ഷകരെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബുരാരി മൈതാനത്തേക്ക് പ്രതിഷേധം മാറ്റാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നതായും ഹര്‍ദീപ് സിങ് പുരി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ നയങ്ങളെന്ന് കേന്ദ്ര നഗര വികസന മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കായി നിബന്ധന വെക്കുന്നതായുള്ള കര്‍ഷക സംഘടനകളുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഉന്നതതലത്തില്‍ തുടരുകയാണ്. പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കര്‍ഷകരോട് അഭ്യര്‍ഥിച്ചിരുന്നു.