ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായി തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. പ്രചാരണ പരിപാടികളില്‍ മാത്രമാണ് സര്‍ക്കാര്‍ മികച്ച് നില്‍ക്കുന്നത്. കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ ദുരന്തം അങ്ങേയറ്റം ഖേദകരമാണെന്ന് കെ സി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു. പുറത്ത് വന്ന ദൃശ്യങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. വന്‍ദുരന്തത്തിനുള്ള സാഹചര്യങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. നിരപരാധികളായ ഇരകളുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു.
പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ നേരിട്ടുള്ള നോട്ടമെത്തുന്ന ദേശീയ തലസ്ഥാനത്താണ് ഇത്തരമൊരു ദുരന്തമുണ്ടായതെന്നതും കേന്ദ്ര സര്‍ക്കാരിന്‍റെ കഴിവ് കേട് വിളിച്ചോതുന്നു. ഇവര്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകുന്നില്ല. പി ആറില്‍ മാത്രമാണ് ഇവര്‍ക്ക് കരുത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരണസംഖ്യയിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. യഥാര്‍ത്ഥ സംഖ്യ തന്നെയാണോ ഇതെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ സംഭവത്തിന്‍റെ ഗൗരവം കുറച്ച് കാട്ടാനായി മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കുറച്ച് പറയുന്നുവെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ജനക്കൂട്ടം നിയന്ത്രിക്കാനുള്ള സംവിധാനമൊരുക്കാഞ്ഞത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. മഹാകുംഭമേളയുടെ പശ്ചാത്തലത്തില്‍ തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താതിരുന്നത് എന്ത് കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
റെയില്‍വേയുടെ കെടുകാര്യസ്ഥതയാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തിന് ഇടയാക്കിയതെന്ന് മുന്‍ റെയില്‍വേ മന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവും കുറ്റപ്പെടുത്തി. സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. റെയില്‍വേ മന്ത്രി ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
കുംഭമേള തന്നെ നിരര്‍ത്ഥകമാണെന്ന് കുംഭമേളയുടെ തിരക്ക് നിയന്ത്രിക്കാന്‍ എന്ത് മാര്‍ഗങ്ങളാണ് മുന്നോട്ട് വയ്ക്കാനുള്ളതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിലേക്ക് പോകാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. പതിനായിരക്കണക്കിന് പേര്‍ ആ സമയത്ത് റെയില്‍വേസ്റ്റേഷനിലുണ്ടായിരുന്നു.
യാത്രക്കാര്‍ വന്‍തോതില്‍ പതിനാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തിങ്ങിക്കൂടിയതാണ് അപകടത്തിനിടയാക്കിയതെന്ന് റെയില്‍വെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ പി എസ് മല്‍ഹോത്ര പറഞ്ഞു. പ്രയാഗ് രാജ് എക്‌സ്‌പ്രസ് ഈ പ്ലാറ്റ്‌ഫോമിലേക്കാണ് എത്തിയത്. ഇതിന് പുറമെ സ്വതന്ത്ര സേനാനി എക്‌സ്‌പ്രസും ഭുവനേശ്വര്‍ രാജധാനി എക്‌സ്‌പ്രസും വൈകിയതും 12, 13, 14 പ്ലാറ്റ്ഫോമുകളില്‍ തിക്കും തിരക്കും ഉണ്ടാക്കി.
ട്രെയിന്‍ പ്ലാറ്റ് ഫോം മാറിയെത്തിയ വിവരം അനൗണ്‍സ് ചെയ്‌തതോടെ ഇരുഭാഗത്ത് നിന്നും ആളുകള്‍ ഇരച്ചെത്തിയതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. നേരത്തെ പന്ത്രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തുമെന്ന് അറിയിച്ചിരുന്ന ട്രെയിന്‍ പെട്ടെന്ന് പതിനാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വരുമെന്ന് അറിയിച്ചതാണ് തിക്കും തിരക്കും ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രെയിനുകള്‍ വൈകിയതും 1500 ലേറെ ജനറല്‍ ടിക്കറ്റുകള്‍ നല്‍കിയതും സാഹചര്യം വഷളാക്കി. ജനക്കൂട്ടം നിയന്ത്രണാതീതമായിരുന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു. ഭരണകൂടത്തില്‍ നിന്നുള്ളവരും ദുരന്ത നിവാരണ സേനാംഗങ്ങളുമടക്കം അവിടെയുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. അത് അസാധ്യവുമായിരുന്നു.
ആളുകള്‍ മേല്‍പ്പാലത്തിലും തിങ്ങിക്കൂടിയിരുന്നു. ഇത്തരമൊരു ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരമൊരു ജനക്കൂട്ടം താന്‍ ഇതിന് മുമ്പ് കണ്ടിട്ടുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.