പത്തനംതിട്ട: സ്‌പീക്കർക്കും ആരോഗ്യ മന്ത്രിക്കും സ്വാഗതം പറഞ്ഞത് ശരിയായില്ല എന്നാരോപിച്ച് പൊതു ചടങ്ങിലെ അവതാരകനെ സിപിഎം നേതാവ് മർദിച്ചതായി ആരോപണം. ഇന്നലെ (15-02-2024) പത്തനംതിട്ട ടൗൺ സ്‌ക്വയറിന്‍റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം.
പരിപാടിയുടെ അവതാരകനും പത്തനംതിട്ട സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപകനുമായ ബിനു കെ സാമാണ് സിപിഎം ഏരിയാ സെക്രട്ടറി വി സഞ്ജു മര്‍ദിച്ചെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. സ്‌പീക്കർക്ക് സ്വാഗതം പറഞ്ഞപ്പോള്‍ തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയില്‍ സുലഭമായി കിട്ടും എന്നായിരുന്നു ബിനു കെ സാം പറഞ്ഞത്. ഉദ്ഘാടകനായ സ്‌പീക്കർ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോള്‍ മൈക്ക് കൈമാറാതെ സ്വാഗതം പറയുന്നത് തുടരുകയും ആരോഗ്യ മന്ത്രി വീണാ ജോർജിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ആരെയും മർദിച്ചിട്ടില്ലെന്നും തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്‌തത് എന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ വിശദീകരണം. അവതാരകൻ അതിരുവിട്ടുവെന്നും അത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്‌തതെന്നും ആരെയും മർദിച്ചിട്ടില്ലെന്നും സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എംവി സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
അവതാരകൻ അവതാരകന്‍റെ ജോലി ചെയ്‌ത് കൂലി വാങ്ങി പൊയ്‌ക്കോണമെന്നും രാഷ്ട്രീയം കളിക്കരുതെന്നുമാണ് പറഞ്ഞത്. അയാള്‍ സ്‌പീക്കറെയും മന്ത്രിയെയും അപമാനിച്ചുവെന്നും ബിനു കെ സാം കോണ്‍ഗ്രസ് സംഘടനാ നേതാവാണെന്ന് അന്വേഷണത്തിൽ മനസിലായതായും സഞ്ജു വ്യക്തമാക്കി.
എന്നാല്‍, തന്‍റെ ഭാഷാ ശൈലി പാര്‍ട്ടിക്കാര്‍ക്ക് മനസിലാകാത്തതാണെന്നും മന്ത്രി വീണാ ജോര്‍ജും പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനും തമ്മിലുള്ള ഗ്രൂപ്പ് പോരില്‍ തന്നെ കരുവാക്കിയെന്നും അവതാരകനായ ബിനു കെ സാം ആരോപിച്ചു. സിപിഎം ഭരിക്കുമ്പോൾ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും ബിനു പറഞ്ഞു.
തത്കാലം പരാതി കൊടുക്കുന്നില്ലെന്നും ബിനു കെ സാം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ പങ്കെടുത്ത പരിപാടിയില്‍ വരെ അവതാരകനായിട്ടുണ്ടെന്നും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും ബിനു കെ സാം പറഞ്ഞു. കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവ് കൂടിയായ തന്നെ, സൗഹൃദത്തിന്‍റെ പുറത്താണ് നഗരസഭ ചെയർമാൻ വിളിച്ചത്. ഇന്നലത്തെ സംഭവത്തില്‍ ചെയർമാൻ നേരിട്ട് വിളിച്ചു മാപ്പ് പറഞ്ഞു എന്നും ബിനു കെ സാം പറഞ്ഞു.