അമരാവതി : മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശ പാർട്ടി ദേശീയ അധ്യക്ഷനുമായ എൻ.ചന്ദ്രബാബു നായിഡുവിനെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസെടുത്ത് പൊലീസ്. ചന്ദ്രബാബു നായിഡുവിനും മറ്റ് 20 പാർട്ടി നേതാക്കൾക്കുമെതിരെ കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മുടിവിഡു പൊലീസാണ് കേസെടുത്തത്. ആന്ധ്രാപ്രദേശിലെ അണ്ണമയ്യ ജില്ലയിലെ തമ്പല്ലപ്പള്ളി നിയോജക മണ്ഡലത്തിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
വൈഎസ്ആർസിപി നേതാവ് ഉമാപതി റെഡ്ഡിയുടെ പരാതിയില്‍ മുടിവിഡു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കി. മുൻ മന്ത്രി ദേവിനേനി ഉമ, മുതിർന്ന നേതാവ് അമർനാഥ് റെഡ്ഡി, എംഎൽസി രാംഗോപാൽ റെഡ്ഡി, നല്ലാരി കിഷോർ കുമാർ റെഡ്ഡി എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൂടാതെ ഇവർക്കൊപ്പം ദമ്മലപതി രമേഷ്, റെഡ്ഡെപ്പഗരി ശ്രീനിവാസ റെഡ്ഡി, ഗന്ത നരഹരി, ശ്രീറാം ചിനബാബു, പുലവർത്തി നാനി, തുടങ്ങിയവരും പ്രതികളായി.
രായലസീമ മേഖലയിലെ ജലസേചന പദ്ധതികളുടെ സ്ഥിതി പരിശോധിക്കുന്നതിനിടെ അനഗല്ലു നഗരത്തിൽ അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടു. നായിഡുവിന്‍റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകർ തെലുങ്കുദേശം പാർട്ടിയുടെ ബാനറുകൾ വലിച്ചുകീറുകയും റാലി നടത്തുകയും ചെയ്‌തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ചന്ദ്രബാബു നായിഡുവിന്‍റെ വാഹനവ്യൂഹത്തിന് നേരെ വൈഎസ്ആർസിപി പ്രവർത്തകർ കല്ലെറിയുകയും ചെയ്‌തിരുന്നു.
അനുവാദമില്ലാതെ പട്ടണത്തിൽ പ്രവേശിച്ചതിന് ടിഡിപി പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് തൊട്ടടുത്ത ചിറ്റൂർ ജില്ലയിലെ പുങ്ങനൂരിലും അക്രമം നടന്നിരുന്നു. കൂടാതെ പൊലീസിന് നേരെ കല്ലെറിയുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു. തുടർന്നുണ്ടായ അക്രമത്തിൽ 50ലധികം പൊലീസുകാർക്ക് പരിക്കേറ്റു. പുങ്ങനൂരിലെ അക്രമസംഭവങ്ങളിൽ ഇതുവരെ 70 ടിഡിപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.
സംഘര്‍ഷത്തില്‍ മാരകായുധങ്ങളുമായാണ് ടിഡിപി പ്രവര്‍ത്തകര്‍ എത്തിയതെന്ന് ഉമാപതി റെഡ്ഡി പരാതിയിൽ പറയുന്നു. കൂടാതെ മാരകായുധങ്ങൾ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തിയെന്നും പരാതിയിൽ ഉമാപതി റെഡ്ഡി ആരോപിച്ചു. നായിഡുവിനെതിരെ അന്നമയ ജില്ല മുളകച്ചെരുവ് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. വൈഎസ്ആർസിപി പ്രവർത്തകൻ ചാന്ദ് ബാഷയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റോഡ്‌ഷോയിൽ പ്രകോപനപരമായ പ്രസ്‌താവനകൾ ചന്ദ്രബാബു നായിഡു നടത്തിയതായി പരാതിയിൽ പറയുന്നു.
അക്രമത്തിന് ഉത്തരവാദിയായ സംസ്ഥാന ഊർജ മന്ത്രി പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡിയെ കുറ്റപ്പെടുത്തിയ നായിഡു ഭരണകക്ഷിയെ പിന്തുണച്ചതിന് പൊലീസിനെതിരെ ആഞ്ഞടിച്ചു. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും നായിഡു ഭരണകക്ഷി എംഎൽഎയെ രാവണൻ എന്ന് വിളിക്കുകയും വൈഎസ്ആർസിപി പ്രവർത്തകരെയും പൊലീസിനെയും ആക്രമിക്കാൻ ടിഡിപി പ്രവർത്തകരെ പ്രേരിപ്പിച്ചതായും ചിറ്റൂർ എസ്പി വൈ. റിശാന്ത് റെഡ്ഡി പറഞ്ഞു
ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് ക്രിമിനൽ ഗൂഢാലോചന, കലാപം, മാരകായുധങ്ങളുടെ ഉപയോഗം, കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, പ്രകോപന ശ്രമം, കൊലപാതകം, കുറ്റത്തിന് പ്രേരിപ്പിക്കൽ, സ്വമേധയാ മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായ സംഘം ചേരൽ എന്നിവ പ്രകാരമാണ് ടിഡിപി നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
also read : 'ടിഡിപി പരാജയപ്പെട്ടാല്‍ 2024ലേത് എന്‍റെ അവസാന തെരഞ്ഞെടുപ്പാകും' ; വികാരാധീനനായി ചന്ദ്രബാബു നായിഡു