ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമാന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്. നിര്‍മല സീതാരാമന്‍റെ അഞ്ചാമത്തെ ബജറ്റ് പ്രസംഗമാണ് ഇന്നത്തേത്.
2021ലേയും 2022ലേയും കേന്ദ്ര ബജറ്റുകള്‍ പോലെ തന്നെ പേപ്പര്‍ രഹിത ബജറ്റവതരണമായിരിക്കും ഇത്തവണയും. കമ്പ്യൂട്ടര്‍ ടാബില്‍ നോക്കിയായിരിക്കും നിര്‍മല സീതാരാമന്‍ ബജറ്റ് വായിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാനാണ് സാധ്യത.
കഴിഞ്ഞ തവണ കേന്ദ്ര ബജറ്റില്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടായിരുന്നില്ല. ഇത്തവണ ആദായ നികുതിയില്‍ ഇളവുകള്‍ നല്‍കി മധ്യവര്‍ഗത്തിന്‍റെ കൈകളില്‍ കൂടുതല്‍ പണം എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഗ്രാമീണ മേഖലയ്‌ക്കും സാമൂഹിക സുരക്ഷ പദ്ധതികള്‍ക്കും കൂടുതല്‍ പണം വകയിരുത്തുമെന്നും കരുതപ്പെടുന്നു.
ബജറ്റ് സംപ്രേഷണം തത്സമയം : കേന്ദ്ര സര്‍ക്കാറിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ indiabudget.gov.in ല്‍ ബജറ്റ് അവതരണം തത്സമയം വെബ്‌കാസ്‌റ്റ് ചെയ്യുന്നുണ്ട്. ദൂരദര്‍ശന്‍, സന്‍സദ് ടിവി കൂടാതെ മറ്റ് വാര്‍ത്താചാനലുകളിലും ബജറ്റ് അവതരണം തത്സമയം കാണാം. പിഐബിയുടേയും സന്‍സദ് ടിവി എന്നിവയുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളിലും ലൈവ് അപ്പ്ഡേറ്റുകള്‍ ഉണ്ടാകും.
ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ.. : ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ ബജറ്റ് അവതരണം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നിര്‍മല സീതാരാമന്‍റെ ബജറ്റവതരണം 92 മിനിട്ട് വരെ നീണ്ട് നിന്നിരുന്നു. അവരുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റവതരണമായിരുന്നു അത്. ഏറ്റവും ദൈര്‍ഘ്യം കൂടിയത് 2020 ല്‍ 2മണിക്കൂര്‍ 40 മിനിട്ട് നീണ്ടുനിന്നതാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കൂടിയ കേന്ദ്ര ബജറ്റ് അവതരണമായിരുന്നു ഇത് .
Also Read: ബജറ്റിൽ പ്രതീക്ഷവച്ച് ഉദ്യോഗസ്ഥര്‍; ആദായനികുതി പരിധി ഉയർത്തുമെന്ന് പ്രതീക്ഷ