സംഭാൽ (ഉത്തർപ്രദേശ്) : വിവാഹച്ചടങ്ങുകളിൽ താലി കെട്ടുമ്പോഴും, വരണമാല്യം ചാർത്തുമ്പോഴുമൊക്കെ വധുവിനൊരു സ്‌നേഹ ചുംബനം നൽകുന്ന രീതി ഇപ്പോൾ ട്രെന്‍ഡായി മാറിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു ചുംബനം കാരണം ഉത്തര്‍പ്രദേശില്‍ യുവാവിന്‍റെ വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ്. യുപിയിലെ സംഭാൽ ജില്ലയിലാണ് വിവാഹത്തിനിടെ നൽകിയ അപ്രതീക്ഷിത ചുംബനം വില്ലനായി മാറിയത്.
വിവാഹത്തിന്‍റെ ഭാഗമായുള്ള ജയ്‌മാൽ (മാലയിടൽ) ചടങ്ങിനിടെയാണ് വരൻ അനുവാദം കൂടാതെ വധുവായ യുവതിയെ ചുംബിച്ചത്. എന്നാൽ വിവാഹച്ചടങ്ങിൽ മുതിർന്നവരും പ്രായമായവരും പങ്കെടുക്കുമ്പോൾ ഇത്തരത്തിൽ അപമര്യാദയായി പെരുമാറരുതെന്ന് വധു വരന് മുന്നറിയിപ്പ് നൽകി. പിന്നാലെ ഇതേ ചൊല്ലി വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു.
ഒടുവിൽ ഇരുകൂട്ടരും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. പിന്നാലെ വിവാഹവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു. വിവാഹത്തിൽ നിന്ന് പിൻമാറരുതെന്ന് വരന്‍റെ വീട്ടുകാർ അഭ്യർഥിച്ചെങ്കിലും വധു തന്‍റെ തീരുമാനം മാറ്റാൻ തയ്യാറായില്ല. ഒടുവിൽ ഇരുകൂട്ടരും പരസ്‌പര ധാരണയിൽ വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു.