ന്യൂഡൽഹി: ബൂസ്റ്റർ ഡോസായി കോവാക്‌സിൻ നൽകുന്നതിലൂടെ സുരക്ഷയും പ്രതിരോധ ശേഷിയും ഉറപ്പ് നൽകുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ട്വിറ്ററിൽ കുറിച്ചു. മുൻനിര തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, മറ്റ് രോഗങ്ങളുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് സർക്കാർ പ്രഖ്യാപിച്ച കൊവിഡ് വാക്‌സിന്‍റെ മുൻകരുതൽ ഡോസ് നൽകാൻ ഒരു ദിവസം അവശേഷിക്കെയാണ് ഐസിഎംആറിന്‍റെ പ്രഖ്യാപനം.
രണ്ട് ഡോസ് പ്രൈമറി വാക്‌സിനേഷൻ പൂർത്തിയാക്കി ആറ് മാസത്തിന് ശേഷം നൽകുന്ന ബൂസ്റ്റർ ഡോസിന് കോവാക്‌സിൻ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും ഐസിഎംആർ പറയുന്നു. ബൂസ്റ്റർ ഡോസ് പരീക്ഷണത്തിൽ കൊവിഡിന്‍റെ ഹോമോലോഗസ്, ഹെറ്ററോലോഗസ് വകഭേദങ്ങളെ നിർവീര്യമാക്കാൻ ശേഷിയുള്ള ആന്‍റീബോഡി ടൈറ്ററുകൾ കണ്ടെത്തി. പാർശ്വഫലങ്ങൾ വളരെ കുറവാണെന്നും ഗുരുതരമായ പ്രതികൂല സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല എന്നും ഐസിഎംആർ വ്യക്തമാക്കുന്നു.
ജനുവരി 3 മുതൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ജനുവരി 10 മുതൽ മുൻകരുതൽ ഡോസും നൽകിത്തുടങ്ങുമെന്ന് ഡിസംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 89,28,316 ഡോസ് വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഇതോടെ രാജ്യത്ത് 1,51,57,60,645 ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also Read: ബൂസ്റ്റർ ഡോസിന് കൊവാക്‌സിൻ മികച്ചതെന്ന് ഭാരത് ബയോടെക്