ന്യൂഡല്‍ഹി : കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി ആവിഷ്കരിക്കുന്ന പദ്ധതി സംബന്ധിച്ച് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ കത്ത്. എൻഡിഎ സർക്കാർ ഏഴുവർഷം കാലാവധി പൂര്‍ത്തിയാക്കുന്ന ദിവസമായ മെയ് 30 ന് പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് കരട് തയ്യാറാക്കാനും പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Read Also…..കൊവിഡിൽ നാണംകെട്ട് പ്രധാനമന്ത്രി; എതിർപ്പുകളെ നേരിടാന്‍ ബിജെപി നേതൃത്വം
നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാറിന്‍റെ ഏഴാം വാര്‍ഷിക ആഘോഷങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഒരു പകർച്ചവ്യാധിക്ക് രാജ്യം ഈ നൂറ്റാണ്ടിൽ സാക്ഷ്യം വഹിച്ചിട്ടില്ല. ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവൻ ആ മഹാമാരി ഇല്ലാതാക്കുന്നു. ഈ രോഗം പ്രിയപ്പെട്ടവരിൽ പലരെയും നമ്മിൽ നിന്ന് അകറ്റി രാജ്യത്തിനും സമൂഹത്തിനും ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിക്കുകയും ചെയ്തു.
ഈ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട നിരവധി കുട്ടികളാണുള്ളത്. അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും ശക്തമായ നടപടികൾ കൈക്കൊള്ളുകയും വേണം. അവരുടെ ഭാവിക്കായി അവരോടൊപ്പം നിൽക്കുകയും അവർക്ക് എല്ലാ പിന്തുണയും നൽകുകയും ചെയ്യുക സാമൂഹിക ഉത്തരവാദിത്തമാണെന്നും നഡ്ഡ പറഞ്ഞു. ഈ പദ്ധതി സംബന്ധിച്ച സമഗ്ര നിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴുവർഷമായി ആളുകളെ സേവിക്കുന്നതിന് അവസരം നൽകിയതിനുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായി പാർട്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.